ഒടുവിൽ 'മുട്ടുകുത്തി' ഡി കോക്ക്​, ​'ബ്ലാക്​ ലൈവ്​​സ്​ മാറ്ററിൽ' മാപ്പു പറച്ചിൽ

ദുബൈ: 'ബ്ലാക്​ ലൈവ്​​സ്​ മാറ്റർ' പ്രതിഷേധത്തിൽ മുട്ടുകുത്താനാവില്ലെന്ന നിലപാടെടുത്ത ദക്ഷിണാഫ്രിക്കൻ സ്റ്റാർ ബാറ്റ്​സ്​മാനും മുൻ നായകനുമായ ക്വിന്‍റൺ ഡി കോക്ക്​ ഒടുവിൽ തീരുമാനത്തിൽ നിന്നും പിന്മാറി. തെറ്റായ തീരുമാനത്തിൽ ആരാധകരോടും സഹതാരങ്ങളോടും ​ മാപ്പുചോദിക്കുന്നതായി ഡി കോക്ക്​ പറഞ്ഞു. ട്വന്‍റി20 ലോകകപ്പിലെ വിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ, മുട്ടു കുത്തി നിൽക്കില്ലെന്നറിയിച്ച്​ ഡി കോക്ക്​ ദക്ഷിണാഫ്രിക്കൻ നിരയിൽ മത്സരത്തിനിറങ്ങിയിരുന്നില്ല.

'മുട്ടുകുത്തി നിൽക്കുന്നതിലൂടെ മറ്റുള്ളവർക്ക്​ വംശീയതക്കെതിരെ സന്ദേശം പകരാൻ കഴിയുമെങ്കിൽ നല്ലതു തന്നെ, ചിലരുടെ അഭിമാനം ഉയർത്താനാവുമെങ്കിൽ അക്കാര്യം​ ചെയ്യുന്നതിൽ ഞാൻ ഏറെ സന്തുഷ്​ടനാണ്​'-ഡികോക്ക്​ പറഞ്ഞു. ബുധനാഴ്ച രാത്രി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്​ ബോർഡുമായി സംസാരിച്ചാണ്​ ഡി കോക്ക്​ തീരുമാനത്തിൽ നിന്നും പിന്മാറിയത്​.

താൻ ഒരിക്കലും വംശീയ വാദിയല്ലെന്നും ദക്ഷിണാഫ്രിക്കൻ ടീമിനായി കളിക്കുന്നതിനേക്കാൾ സന്തോഷം മറ്റൊന്നും ഇല്ലെന്നും ഡികോക്ക്​ ദക്ഷണാഫ്രിക്കൻ ക്രിക്കറ്റ്​ ബോർഡിനെഴുതിയ കുറിപ്പിൽ അറിയിച്ചു.

ആദ്യ മത്സരത്തിൽ ഡി കോക്കിന്​ പകരം റീസ​ ഹെന്‍റിക്​സാണ്​ കളത്തിലിറങ്ങിയത്​. ഡി കോക്കിന്‍റെ നടപടി പരിശോധിച്ച്​ തുടർ നടപടികൾ കൈകൊള്ളുമെന്ന്​ ക്രിക്കറ്റ്​ സൗത്ത്​ ആഫ്രിക്ക നേരത്തെ പ്രതികരിച്ചിരുന്നു. മുമ്പ്​ വെസ്റ്റിൻഡീസിനെതിരായ പര്യടനത്തിലും മുട്ടുകുത്തി നിൽക്കുന്നതിനോട്​​ ഡി കോക്ക്​ വിയോജിച്ചിരുന്നു. 

Tags:    
News Summary - Quinton de Kock apologises, will take the knee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.