ഇത് അശ്വിന് മാത്രമുള്ളത്; 'ഗോട്ട്' ലെവൽ റെക്കോർഡുമായി ഇന്ത്യൻ ഓൾറൗണ്ടർ

ന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്സിൽ തകർച്ച നേരിട്ട ഇന്ത്യയെ തകർപ്പൻ സെഞ്ച്വറിയുമായാണ് ആർ. അശ്വിൻ കരകയറ്റിയത്. ചെപ്പോക്കിൽ നടക്കുന്ന ടെസ്റ്റിൽ ആദ്യ ദിനം പിരിയുമ്പോൾ 112 പന്തിൽ 102 റൺസായിരുന്നു അശ്വിൻ നേടിയത്. 10 ഫോറും രണ്ട് സിക്സറുമടങ്ങിയതായിരുന്നു ഇന്നിങ്സ്. ഏഴാം വിക്കറ്റിൽ രവീന്ദ്ര ജദേജയുമൊത്ത് 199 റൺസിന്‍റെ കൂട്ടുകെട്ടിലാണ് അശ്വിൻ പങ്കാളിയായത്. ഒരു ഘട്ടത്തിൽ 144 റൺസ് എടുക്കുന്നതിനിടെ  ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് അശ്വിനും ജദേജയും ചേർന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. 133 പന്ത് നേരിട്ട് 11 ഫോറും രണ്ട് സിക്സറുമുൾപ്പടെ 113 റൺസാണ് അശ്വിൻ സ്വന്തമാക്കിയത്. ടസ്കിൻ അഹ്മദിന് വിക്കറ്റ് നൽകിയാണ് താരം മടങ്ങിയത്.

സെഞ്ച്വറി തികച്ച അശ്വിനെ തേടി ഒരുപിടി റെക്കോർഡുകളെത്തിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി 20ന് മുകളിൽ അർധസെഞ്ച്വറിയും 30 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ ഏക താരം അശ്വിനാണ്. ടെസ്റ്റിൽ അശ്വിന്‍റെ ആറാമത്തെ സെഞ്ച്വറിയാണ് ഇത്. 30 തവണ അഞ്ച് വിക്കറ്റ് കരസ്ഥമാക്കിയ ഒരു ബൗളറും ഇതുവരെ ആറ് സെഞ്ച്വറി തികച്ചിട്ടില്ല. ഏട്ടാമതും ഒമ്പതാമതും ക്രീസിൽ എത്തിയിട്ടാണ് അശ്വിന്‍റെ ഈ നേട്ടങ്ങൾ. ലോകത്തെ മികച്ച ടെസ്റ്റ് കളിക്കാരിൽ ഒരാളാണ് താനെന്നത് അശ്വിൻ അടിവരയിടുകയാണ്.

അതേസമയം, രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചപ്പോൾ തന്നെ ജദേജയുടെ വിക്കറ്റ് നഷ്ടമായിരുന്നു. 86 റൺസ് നേടിയ ജദേജ ടസ്കിൻ അഹ്മദിന് വിക്കറ്റ് നൽകി പുറത്താകുകയായിരുന്നു. വാലറ്റനിര പിടിച്ച് നിൽക്കാൻ സാധിക്കാതെ പരുങ്ങിയപ്പോൾ ഇന്ത്യ 376 റൺസിന് പുറത്തായി. നേരത്തെ അശ്വിനും ജദേജക്കും പുറമെ യശ്വസ്വി ജയ്സ്വാളും ഇന്ത്യക്കായി അർധസെഞ്ച്വറി നേടിയിരുന്നു. ഓപണിങ്ങിന് ഇറങ്ങിയ ജയ്സ്വാൾ 118 പന്ത് നേരിട്ട് 56 റൺസ് നേടി. രോഹിത് ശർമ (ആറ്), ശുഭ്മാൻ ഗിൽ (പൂജ്യം), വിരാട് കോഹ്ലി (6), കെ.എൽ. രാഹുൽ (16) എന്നിവർ നിരാശപ്പെടുത്തി. ഏറെ നാളുകൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഋഷഭ് പന്ത് 39 റൺസെടുത്തു. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് അഞ്ച് വിക്കറ്റും ടസ്കിൻ അഹ്മദ് മൂന്നും വിക്കറ്റ് സ്വന്തമാക്കി. 

Tags:    
News Summary - r ashwin creates new records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.