‘‘ധോണി 2019 ലോകകപ്പോടെ വിരമിക്കൽ തീരുമാനിച്ചിരുന്നു’’- വെളിപ്പെടുത്തലുമായി മുൻ ഫീൽഡിങ് കോച്ച്

താരമായും നായകനായും ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ചവരിലൊരാളായ മഹേന്ദ്ര സിങ് ധോണി 2020ലാണ് രാജ്യാന്തര വേദികളിൽ കളി നിർത്തിയത്. അതിനു മുമ്പും വാർത്തകൾ പലതു കേട്ടതായിരുന്നെങ്കിലും ഔദ്യോഗിക വിരമിക്കലിന് താൽപര്യം കാണിക്കാതെ മാറിനിൽക്കുകയായിരുന്നു. എന്നാൽ, 2019ലെ ലോകകപ്പോടെ ധോണി വിരമിക്കാൻ തീരുമാനമെടുത്തതാണെന്ന് പറയുന്നു, മുൻ ദേശീയ ബൗളിങ് കോച്ചായിരുന്ന ആർ. ശ്രീധർ. ‘കോച്ചിങ് ബിയോണ്ട്- മൈ ഡെയ്സ് വിത്ത് ദി ഇന്ത്യൻ ക്രിക്കറ്റ്’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ.

ഇന്ത്യ- ന്യൂസിലൻഡ് സെമി ഫൈനൽ മത്സരത്തിന്റെ റിസർവ് ദിനത്തിലായിരുന്നു നായകൻ സഹതാരം പന്തിനോട് തീരുമാനം വെളിപ്പെടുത്തിയതെന്ന് പുസ്തകം പറയുന്നു. ‘‘അവസാന ബസ് നഷ്ടപ്പെടുത്താൻ ഇഷ്ടപ്പെടുന്നില്ലെ’’ന്നായിരുന്നു ധോണിയുടെ വാക്കുകൾ.

‘‘രാജ്യത്തിനായി അന്ന് ധോണി കളിച്ചത് അവസാന മത്സരമാണെന്ന് എനിക്കുറപ്പായിരുന്നു. അത് അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. എന്നാലും എനിക്കറിയാമായിരുന്നു. കാരണം, ഇരുവരും തമ്മിലെ സംഭാഷണത്തിനിടെ ലണ്ടനിലേക്ക് പുറപ്പെടുന്നതിനെ കുറിച്ച് ഋഷഭ് പന്ത് ധോണിയോട് ചോദിച്ച​പ്പോൾ ടീമിനൊപ്പം ഇത് അവസാന ബസ് യാത്രയാണെന്നും അത് നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ക്യാപ്റ്റന്റെ മറുപടി’’- പുസ്തകത്തിൽ ശ്രീധർ പറയുന്നു.

ആ മത്സരമായിരുന്നു ധോണി ദേശീയ ജഴ്സിയിൽ കളിച്ച അവസാന മത്സരം. കളിയിൽ ന്യൂസിലൻഡ് ജയിച്ചു. ഐ.പി.എല്ലിൽ തുടർന്നും ചെന്നൈ നായകനായി തുടർന്ന ധോണി ഇപ്പോഴും കളി നിർത്തിയിട്ടില്ല. 

Tags:    
News Summary - R Sridhar Makes Stunning Retirement Revelation Involving MS Dhoni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.