ഐ.സി.സി ലോകകപ്പിൽ സെമി ബർത്ത് ഏതാണ്ട് ഉറപ്പിച്ച് മുന്നേറുകയാണ് കിവികൾ. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ അടുത്തയാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യയ്ക്കെതിരെ കിവീസ് കളത്തിലിറങ്ങും. ന്യൂസീലൻഡിന്റെ മുന്നേറ്റത്തിൽ യുവ ബാറ്റർ രചിൻ രവീന്ദ്രയുടെ പ്രകടനം ഏറെ നിർണായകമായിരുന്നു. ഒമ്പത് മത്സരങ്ങളിൽനിന്ന് 565 റൺസ് നേടിയ താരം ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമനാണ്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ പ്രകടനത്തോടെ ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറുടെ റെക്കോർഡും രചിൻ മറികടന്നിരുന്നു. ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന 25 വയസ്സിൽ താഴെയുള്ള താരമെന്ന നേട്ടമാണ് രചിന്‍ സ്വന്തം പേരിൽ കുറിച്ചത്. 1996ലെ ലോകകപ്പിൽ 523 റൺസ് നേടിയ സചിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ശ്രീലങ്കയ്ക്കെതിരെ 34 പന്തിൽ 42 റൺസാണ് രചിൻ നേടിയത്. സചിനോടും രാഹുൽ ദ്രാവിഡിനോടുമുള്ള ആരാധനയാലാണ് ഇരുവരുടെയും പേരുകൾ യോജിപ്പിച്ച് രചിന്റെ പിതാവ് മകന് വേറിട്ട പേരിട്ടത്.
जय श्री राम 🕉
— Rachin Ravindra (@RachinRavindra_) November 10, 2023
Blessed to have such an amazing family. Grandparents are angels whose memories and blessings stay with us forever. pic.twitter.com/haX8Y54Sfm
രചിന്‍റെ മിന്നും നേട്ടത്തിനിടെ വൈറലായത് ഒരു വിഡിയോയാണ്. ലോകകപ്പിനിടെ രചിന്‍ രവീന്ദ്ര ബംഗളൂരുവിലെ മുത്തശ്ശിയുടെ വീട് സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയതാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രചിൻ തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഇങ്ങിനൊരു കുടുംബത്തെ ലഭിച്ചതിൽ ഭാഗ്യവാനാണ് ഞാൻ. മുത്തശ്ശനും മുത്തശ്ശിയും മാലാഖമാരാണ്. അവരുടെ ഓർമ്മകളും അനുഗ്രഹങ്ങളും നമ്മിൽ എന്നേക്കും നിലനിൽക്കും’-എന്നാണ് വിഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.
വിഡിയോയിൽ മുത്തശ്ശി രചിനെ കണ്ണേറ് ദോഷങ്ങളെത്തൊട്ട് ഉഴിഞ്ഞ് കളയുന്നതും പ്രാർഥിക്കുന്നതും കാണാം. സമൂഹമാധ്യമങ്ങളിൽ വൈറലാണ് ഇപ്പോൾ വിഡിയോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.