ന്യൂഡൽഹി: ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്റിനെതിരെ പൊട്ടിത്തെറിച്ച് വിക്കറ്റ്കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹ. ഇനി മുതൽ ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയില്ലാത്തതിനാൽ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടതായി സാഹ ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചേക്കില്ലെന്നറിഞ്ഞ സാഹ രഞ്ജി ട്രോഫിയിൽ നിന്ന് പിൻമാറിയിരുന്നു. 'ഇനി എന്നെ പരിഗണിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് പറഞ്ഞിരുന്നു. ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നതിനാൽ എറെക്കാലമായി എനിക്ക് ഇത് പറയാൻ കഴിഞ്ഞില്ല. പരിശീലകൻ രാഹുൽ ദ്രാവിഡ് പോലും വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് നിർദ്ദേശിച്ചു'-സാഹ പറഞ്ഞു.
കഴിഞ്ഞ നവംബറിൽ കാൺപൂർ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ 61 റൺസ് നേടിയ സാഹയെ ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി വാട്സ്ആപ്പിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു.
'താൻ ബി.സി.സി.ഐയുടെ തലപ്പത്തിരിക്കുന്നിടത്തോളം കാലം ഞാൻ ഒന്നിനെക്കുറിച്ചും പേടിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോർഡ് പ്രസിഡന്റിന്റെ അത്തരമൊരു സന്ദേശം എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. പക്ഷെ എല്ലാം ഇത്ര പെട്ടെന്ന് മാറിയത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല'-അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനായി ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. സീനിയർ താരങ്ങളായ അജിൻക്യ രഹാനെ, ചേതേശ്വർ പുജാര എന്നിവരെയടക്കം തഴഞ്ഞ് വൻ അഴിച്ചുപണിയാണ് ടീമിൽ നടത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.