ദുബൈ: വിജയിച്ചാൽ നോക്കൗട്ടിലേക്ക് ഒരു പടികൂടി അടുക്കാമായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മോഹങ്ങൾ തകർത്തുകൊണ്ട് പഞ്ചാബ് കിങ്സിന് ജയം. അഞ്ചുവിക്കറ്റ് ജയത്തോടെ പഞ്ചാബ് നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തി. 12 മത്സരങ്ങൾ പൂർത്തിയാക്കിയ കൊൽക്കത്തക്കും പഞ്ചാബിനും പത്ത് പോയന്‍റ് വീതമാണുള്ളത്. റൺറേറ്റിൽ മുന്നിലുള്ള കൊൽകത്ത പട്ടികയിൽ നാലാമതും പഞ്ചാബ് അഞ്ചാമതുമാണ്.
വിജയത്തിലേക്ക് 166 റൺസ് തേടിയിറങ്ങിയ പഞ്ചാബിനെ നായകൻ കെ.എൽ രാഹുൽ (55പന്തിൽ 67) മുന്നിൽ നിന്നും നയിക്കുകയായിരുന്നു. വിക്കറ്റ് സൂക്ഷിച്ച് കളിച്ച കെ.എൽ രാഹുൽ അവസരത്തിനൊത്ത് പ്രഹരശേഷി ഉയർത്തി ടീമിനെ വിജയതീരമടുപ്പിക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ 40 റൺസെടുത്ത മായങ്ക് അഗർവാളിനൊപ്പം ചേർത്ത 70 റൺസാണ് പഞ്ചാബിന് അടത്തറയിട്ടത്. നികൊളാസ് പുരാൻ 12ഉം എയ്ഡൻ മാർക്രം 18ഉം ദീപക് ഹൂഡ 3ഉം റൺസെടുത്ത് പുറത്തായി. 9 പന്തിൽ നിന്നും 22 റൺസുമായി ഷാരൂഖ് ഖാൻ പഞ്ചാബിന്‍റെ വിജയം എളുപ്പമാക്കി.
ആദ്യം ബാറ്റുചെയ്ത കൊൽക്കത്തക്കായി മികച്ച ഫോമിൽ കളിക്കുന്ന യുവതാരം വെങ്കിടേഷ് അയ്യരുടെ ബാറ്റാണ് റൺഖനി തുറന്നുവെച്ചത്.ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ശുഭ്മാൻ ഗിൽ വീണ്ടും പരാജയമായപ്പോൾ വെങ്കിടേഷ് അയ്യരും രാഹുൽ ത്രിപാഠിയും മികച്ച കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം വിക്കറ്റിൽ 72 റൺസ് പടുത്തുയർത്തിയാണ് സഖ്യം വേർപിരിഞ്ഞത്. 26 പന്തിൽ 34 റൺസുമായി ത്രിപാഠി പുറത്തായ ശേഷം ക്രീസിലെത്തിയ നിതീഷ് റാണ ആഞ്ഞടിച്ചു. 49 പന്തിൽ 67 റൺസുമായി വെങ്കിടേഷ് അയ്യർ മടങ്ങിയത് കൊൽക്കത്തക്ക് തിരിച്ചടിയായി. 18 പന്തിൽ റാണ 31 റൺസെടുത്തു. ക്യാപ്റ്റൻ ഇയോൺ മോർഗൻ പരാജയ കഥ തുടർന്നു. ദിനേഷ് കാർത്തിക് 11 പന്തിൽ 11 റൺസെടുത്തു.
മൂന്നു വിക്കറ്റു വീഴ്ത്തിയ അർഷ്ദീപ് സിങ്ങാണ് കൊൽക്കത്തയുടെ വൻ കുതിപ്പ് തടഞ്ഞത്. ലെഗ് സ്പിന്നർ രവി ബിഷ്ണോയി രണ്ടു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.