ബുധനാഴ്ച ഹൈദരാബാദിൽ അരങ്ങേറിയ ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ഏകദിനത്തിലെ നിറഞ്ഞ ഗാലറിയുടെ ചിത്രം പങ്കുവെച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ‘ഇന്ന് നടന്ന ഹൈദരാബാദ് ഏകദിനം... മാമനോടൊന്നും തോന്നല്ലേ മക്കളെ’ എന്ന കുറിപ്പോടെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
തിരുവനന്തപുരം കാര്യവട്ടത്ത് ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം അരങ്ങേറുന്നതിന് മുമ്പ് ടിക്കറ്റ് നിരക്കിലെ വർധനവ് ചൂണ്ടിക്കാട്ടിയപ്പോൾ പട്ടിണി കിടക്കുന്നവർ കളികാണാൻ വരേണ്ടതില്ലെന്ന മന്ത്രിയുടെ മറുപടി വൻ വിവാദങ്ങൾക്കിടയാക്കുകയും എൽ.ഡി.എഫ് നേതാക്കളടക്കം വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
കളി കാണാൻ സ്റ്റേഡിയത്തിലെത്താതെയായിരുന്നു മന്ത്രിക്ക് കായിക കേരളത്തിന്റെ മറുപടി. അതിന് മുമ്പത്തെ നാല് അന്താരാഷ്ട്ര മത്സരങ്ങളിലും നിറഞ്ഞുകവിഞ്ഞ ഗാലറി അന്ന് ശുഷ്കമായി. 39,571 സീറ്റുകളുള്ള സ്റ്റേഡിയത്തിൽ 12,000ത്തോളം പേർ മാത്രമാണെത്തിയത്. ഇതിൽ പകുതിയും സൗജന്യ പാസുകളായിരുന്നു. 6200ഓളം ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്. വിൽപനക്കുള്ളതിന്റെ അഞ്ചിലൊന്നു ടിക്കറ്റുകൾപോലും വിൽക്കാത്തത് കേരളത്തിൽ ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സര ചരിത്രത്തിൽ ആദ്യമായായിരുന്നു.
മത്സരവുമായി ബന്ധപ്പെട്ട് കായികമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവനങ്ങൾ ടിക്കറ്റ് വിൽപനയെ ബാധിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.