കാൻഡി: ഏഷ്യ കപ്പിൽ മഴ കാരണം ഇന്ത്യ-പാകിസ്താൻ മത്സരം നിർത്തിവെച്ചു. 4.2 ഓവറിൽ ഇന്ത്യ 15 റൺസെടുത്ത് നിൽക്കെയാണ് മഴയെത്തിയത്.
11 റൺസുമായി നായകൻ രോഹിത്ത് ശർമയും റണ്ണൊന്നും എടുക്കാതെ ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ. നേരത്തെ, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കിൽനിന്ന് മോചിതനായി ടീമിനൊപ്പം ചേർന്ന ശ്രേയസ്സ് അയ്യർ പ്ലെയിങ് ഇലവനിൽ ഇടംനേടി. കെ.എൽ. രാഹുലിന്‍റെ അഭാവത്തിൽ വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ ടീമിലെത്തി. പേസർ മുഹമ്മദ് ഷമി ടീമിന് പുറത്തായി.
ശ്രേയസ്സ് ടീമിലെത്തിയതോടെ സൂര്യകുമാറിനും പ്ലെയിങ് ഇലവനിൽ സ്ഥാനമില്ല. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കുല്‍ദീപ് യാദവ്, രവീന്ദ്ര ജദേജ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഷാർദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുംറ എന്നിവരാണ് പേസര്‍മാര്‍. നേപ്പാളിനെതിരെ കളിച്ച ടീമിനെ തന്നെയാണ് ഇന്ത്യക്കെതിരെയും പാകിസ്താൻ കളിപ്പിക്കുന്നത്.
2019നുശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുന്നത്. നായകൻ ബാബർ അസമിന്‍റെയും മധ്യനിര ബാറ്റർ ഇഫ്തിഖർ അഹമ്മദിന്‍റെയും സെഞ്ച്വറികളുടെ മികവിൽ ഓപ്പണിങ് മത്സരത്തിൽ നേപ്പാളിനെ 238 റൺസിനു തോൽപിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് പാകിസ്താൻ കളത്തിലിറങ്ങുന്നക്. പേസ് ബോളർമാരായ ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരിലാണ് ടീമിന്‍റെ പ്രതീക്ഷ.
മൂവരും മികച്ച ഫോം തുടരുന്നത് ടീമിന് പ്രതീക്ഷ നൽകുന്നു. സ്പിന്നർമാരായ ഷദബ് ഖാൻ, മുഹമ്മദ് നവാസ് എന്നിവരും നേപ്പാളിനെതിരെ തിളങ്ങി. സൂപ്പർ ബാറ്റർമാരായ വീരാട് കോഹ്ലി, രോഹിത് ശർമ, പേസർ ജസ്പ്രീത് ബുംറ എന്നിവരിലാണ് ഇന്ത്യ പ്രതീക്ഷ അർപ്പിക്കുന്നത്.
ടീം ഇന്ത്യ: രോഹിത് ശർമ (നായകൻ), ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ, വീരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, ഷാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.
പാകിസ്താൻ ടീം: ഫഖർ സമാൻ, ഇമാമുൽ ഹഖ്, ബാബർ അസം (നായകൻ), മുഹമ്മദ് റിസ്വാൻ, അഘാ സൽമാൻ, ഇഫ്ത്തിക്കാർ അഹ്മദ്, ശദബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.