ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മക്കും ഭാര്യ റിതിക സജദേഹിനും ആൺകുഞ്ഞ് പിറന്നു. രണ്ടാമത്തെ കുട്ടിയെയാണ് ഇരുവരും സ്വാഗതം ചെയ്യുന്നത്. 2018ൽ ഇരുവർക്കും സമെയ്റയെന്ന പേരിൽ പെൺകുട്ടി പിറന്നിരുന്നു.
റിതികയുടെ പ്രസവത്തിന് മുന്നോടിയായി രോഹിത് ക്രിക്കറ്റിൽ നിന്നും താൽക്കാലിക ഇടവേളയെടുത്തിരുന്നു. ഇതുമൂലം ബോർഡർ-ഗവാസ്കർ ട്രോഫിയുടെ പരിശീലന സെഷനിൽ രോഹിതിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. റിതിക ഗർഭിണിയായ വിവരം ദമ്പതികൾ വെളിപ്പെടുത്തിയിരുന്നില്ല. ആസ്ട്രേലിയയുമായുള്ള പെർത്ത് ടെസ്റ്റിൽ രോഹിതിന്റെ പങ്കാളിത്തത്തെ കുറിച്ച് അനിശ്ചിതത്വമുണ്ടായതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ആസ്ട്രേലിയയുമായി നിർണായക ടെസ്റ്റ് പരമ്പര നടക്കാനിരിക്കെ കുടുംബത്തിനോടൊപ്പം ചെലവഴിക്കാനായിരുന്നു രോഹിത് തീരുമാനിച്ചത്. ഇതോടെ ആദ്യ ടെസ്റ്റിൽ രോഹിത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് വലിയ ആശങ്ക ഉയർന്നിരുക്കുന്നത്. പരമ്പരക്ക് മുന്നോടിയായി ആസ്ട്രേലിയക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് രോഹിത്തിന്റെ ആദ്യ ടെസ്റ്റിലെ പങ്കാളത്തത്തിൽ ഉറപ്പ് നൽകാനാവില്ലെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും വ്യക്തമാക്കിയിരുന്നു.
അതേസമയം, നിർണായക പരമ്പരയിലെ ആദ്യ ടെസ്റ്റിൽ രോഹിത് കളിക്കാത്തതിൽ വിമർശനം സുനിൽ ഗവാസ്കറിനെ പോലുള്ള മുൻ താരങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, രോഹിത്തിനെ പിന്തുണച്ച് ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആരോൺ ഫിഞ്ച് രംഗത്തെത്തി. കുടുംബത്തിനൊപ്പം നിൽക്കുന്നത് എപ്പോഴും സന്തോഷം നൽകുന്ന കാര്യമാണെന്നും ഇത്തരമൊരു തീരുമാനമെടുത്ത രോഹിത്തിനെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.