മുംബൈ: നായകനായി രാജസ്ഥാൻ റോയൽസിന്‍റെ കുപ്പായത്തിൽ ആദ്യമായി കളിക്കാനിറങ്ങിയ സഞ്ജു സംസണും സംഘത്തിനും മുന്നിൽ റൺമല തീർത്ത് പഞ്ചാബ് കിങ്സ്. നിശ്ചിത ഓവറിൽ ആറുവിക്കറ്റിന് 221 റൺസെടുത്താണ് പഞ്ചാബ് ഇന്നിങ്സ് അവസാനിപ്പിച്ചത്. സിക്സറുകളുടെ മാലപ്പടക്കം തീർത്ത ദീപക് ഹൂഡ (28 പന്തിൽ 64), ഓപ്പണറായിറങ്ങി അവസാനം വരേയും വെടിക്കെട്ട് ബാറ്റിങ് തീർത്ത കെ.എൽ രാഹുൽ (50 പന്തിൽ 91), വെറ്ററൻ താരം ക്രിസ് ഗെയിൽ (28 പന്തിൽ 40) എന്നിവരുടെ കരുത്തിലാണ് പഞ്ചാബ് റൺമഴ പെയ്യിച്ചത്.
14 റൺസെടുത്ത മായങ്ക് അഗർവാളിനെ നിലയുറപ്പിക്കും മുേമ്പ ചേതൻ സകരിയ മടക്കിയെങ്കിലും രാജസ്ഥാനെ ശ്വാസം വിടാൻ പോലും അനുവദിക്കാതെ രാഹുലും ഗെയ്ലും അടിതുടങ്ങുകയായിരുന്നു. രാഹുലിന്‍റെ ബാറ്റിൽ നിന്നും അഞ്ച് സിക്സറുകളും ഏഴ് ബൗണ്ടറികളും പിറന്നപ്പോൾ രണ്ട് സിക്സറുകളും നാല് ബൗണ്ടറികളുമടക്കമായിരുന്നു ഗെയിലിന്‍റെ ഇന്നിങ്സ്. ഗെയിൽ വീണതിന് ശേഷം ക്രീസിലെത്തിയ ദീപക് ഹൂഡ രാജസ്ഥാൻ ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ആറ് സിക്സറും നാലുബൗണ്ടറികളും സഹിതമുള്ള ഹൂഡയുടെ ബാറ്റിങ് രാജസ്ഥാനെ ഉൾക്കിടിലം കൊള്ളിച്ചു.ടോസ് നേടി പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കേണ്ടിയില്ലായിരുന്നെന്ന് ഒരു നിമിഷം സഞ്ജു ചിന്തിച്ചിരിക്കണം.
നാലോവറിൽ 31 റൺസിന് മൂന്ന് വിക്കറ്റെടുത്ത നവാഗത താരം ചേതൻ സക്കരിയയാണ് രാജസ്ഥാൻ നിരയിൽ ഭേദപ്പെട്ട നിലയിൽ പന്തെറിഞ്ഞത്. മുസ്തഫിസുർ നാലോവറിൽ 45 റൺസ് വഴങ്ങിയപ്പോൾ പൊന്നും വിലക്ക് ടീമിലെത്തിയ ക്രിസ് മോറിസ് 41 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ഒരോവർ മാത്രമറിഞ്ഞ ശിവം ദുബെ 20 റൺസാണ് വഴങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.