‘ആദ്യം ഒരു ഡിഗ്രി സമ്പാദിക്ക്’; ശുഐബ് അക്തറിനെ വിമർശിച്ച് റമീസ് രാജ

പാകിസ്താൻ ക്രിക്കറ്റ് താരങ്ങളും മുൻ താരങ്ങളും തമ്മിലുള്ള തർക്കം പുത്തരിയല്ല. അടുത്തിടെ പാക് നായകൻ ബാബർ അസമിനെ വിമർശിച്ച് മുൻതാരം ശുഐബ് അക്തർ രംഗത്തുവന്നിരുന്നു.

ബാബറിന് കാര്യങ്ങൾ കൃത്യമായി സംസാരിക്കാനറിയില്ലെന്നും അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് നിലവാരമില്ലാത്തതാണെന്നും അക്തർ പറഞ്ഞിരുന്നു. പിന്നാലെ അക്തറിനെ വിമർശിച്ച് നിരവധി താരങ്ങൾ രംഗത്തുവന്നു. മുൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാൻ റമീസ് രാജയാണ് ഈ നിരയിൽ ഏറ്റവും ഒടുവിലായി അക്തറിനെതിരെ രംഗത്തെത്തിയത്.

കളിക്കാരെ മുൻ താരങ്ങൾ വിമർശിക്കുന്ന ഇത്തരമൊരു രീതി പാകിസ്താനിൽ മാത്രമേ കാണൂവെന്ന് റമീസ് രാജ കുറ്റപ്പെടുത്തി.

‘ശുഐബ് അക്തർ മിഥ്യാബോധമുള്ള സൂപ്പർതാരമാണ്. അടുത്തിടെ അദ്ദേഹം കമ്രാൻ അക്മലിനെ വിമർശിച്ചിരുന്നു. എല്ലാവരും ബ്രാൻഡായി മാറണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എന്നാൽ ആദ്യം നല്ലൊരു മനുഷ്യനാകുക എന്നതാണ് പ്രധാനം. ആദ്യം മനുഷ്യനാകൂ, പിന്നെ ബ്രാൻഡൊക്കെയാകാം’ -റമീസ് അഭിമുഖത്തിൽ പറഞ്ഞു.

അനാവശ്യ പ്രസ്താവനകളിലൂടെ നമ്മുടെ മുൻ താരങ്ങൾ പാകിസ്താൻ ക്രിക്കറ്റിന്‍റെ സൽപേര് നശിപ്പിക്കുകയാണ്. നമ്മുടെ അയൽരാജ്യത്ത് ഇത്തരത്തിലുള്ള സംഭവം ഒരിക്കലും കാണാനാകില്ല. സുനിൽ ഗവാസ്‌കർ രാഹുൽ ദ്രാവിഡിനെ വിമർശിക്കുന്നത് ഒരിക്കലും കാണാനാകില്ല. മറ്റുള്ളവരെ അവരുടെ ജോലി പ്രൊഫഷണലായി ചെയ്യാൻ മുൻ താരങ്ങൾ അനുവദിക്കാത്തത് പാകിസ്താനിൽ മാത്രമാണെന്നും റമീസ് രാജ കുറ്റപ്പെടുത്തി.

പി.സി.ബിയുടെ ചെയർമാനാകണമെങ്കിൽ അദ്ദേഹം ആദ്യം ഒരു ഡിഗ്രി സമ്പാദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനാകാനുള്ള അക്തറിന്റെ ആഗ്രഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Ramiz Raja makes a scathing attack to 'delusional' Shoaib Akhtar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.