തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് ഇന്നിങ്സ് ജയം. നാലാം ദിവസം ഉത്തർപ്രദേശിനെ രണ്ടാം ഇന്നിങ്സിൽ 116 റൺസിന് പുറത്താക്കിയതോടെ ഇന്നിങ്സിനും 117 റൺസിനുമാണ് കേരളത്തിന്‍റെ ജയം. രണ്ട് ഇന്നിങ്സിലുമായി 11 വിക്കറ്റ് നേടുകയും 35 റൺസടിക്കുകയും ചെയ്ത കേരള താരം ജലജ് സക്സേനയാണ് കളിയിലെ താരം. സ്കോർ: ഉത്തർ പ്രദേശ് - 162, 116. കേരളം - 395.
ആദ്യം ബാറ്റ് ചെയ്ത യു.പി ഒന്നാം ഇന്നിങ്സിൽ 162 റൺസിനാണ് പുറത്തായത്. മറുപടി ബാറ്റിങ്ങിൽ കേരളം 395 റൺസടിച്ച് 233 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. സൽമാൻ നിസാർ 93ഉം സച്ചിൻ ബേബി 83ഉം റൺസെടുത്തു. രണ്ടാം ഇന്നിങ്സിൽ 116 റൺസിൽ യു.പി ബാറ്റിങ് അവസാനിച്ചതോടെയാണ് കേരളത്തിന് വമ്പൻ ജയം സ്വന്തമായത്.
ആദ്യ ഇന്നിങ്സിൽ 56 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന രണ്ടാം ഇന്നിങ്സിൽ 41 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി യു.പി ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു. മാധവ് കൗശിക് (36), പ്രിയം ഗാർഗ് (22) എന്നിവർക്ക് മാത്രമേ അൽപ്പമെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ. ആദിത്യ സർവാതെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. രണ്ട് വിക്കറ്റിന് 84 എന്ന നിലയിൽ നിന്നായിരുന്നു യു.പിയുടെ തകർച്ച.
നവംബർ 13ന് ഹരിയാനക്കെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.