മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ മുംബൈക്കെതിരെ 538 റൺസെന്ന വമ്പൻ സ്കോർ ലക്ഷ്യമിടുന്ന വിദർഭ നാലാം ദിനവും കീഴടങ്ങാതെ പൊരുതുന്നു. കരുൺ നായർ (75), ക്യാപ്റ്റൻ അക്ഷയ് വാദ്കർ (56 നോട്ടൗട്ട്) എന്നിവരുടെ കരുത്തിൽ അഞ്ചിന് 248 റൺസ് എന്ന നിലയിലാണ് സന്ദർശകർ. വമ്പൻ സ്കോർ പിന്തുടരുന്ന എതിരാളികളെ എളുപ്പം പുറത്താക്കാമെന്ന മുംബൈ ബൗളർമാരുടെ സ്വപ്നങ്ങളാണ് നാലാം ദിനം വിദർഭ ബാറ്റർമാർ ഇല്ലാതാക്കിയത്. അഞ്ചു വിക്കറ്റ് കൈയിലിരിക്കെ 290 റൺസ് എന്ന ദുഷ്കരമായ ലക്ഷ്യമാണ് വിദർഭക്ക് കിരീടത്തിലേക്കുള്ളത്. സ്കോർ: മുംബൈ 224, 418. വിദർഭ 105, അഞ്ചിന് 248.
വിക്കറ്റ് നഷ്ടമാകാതെ പത്ത് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച വിദർഭക്കുവേണ്ടി മൂന്നാം ദിനം ഓപണർ അതർവ തയ്ഡെ (32), അമൻ മൊഖാഡെ (32) എന്നിവരും പിടിച്ചുനിന്നു. ഈ സീസണിൽ ടീമിലെത്തിയ മുൻ ഇന്ത്യൻ താരം കരുൺ നായർ 220 പന്തുകൾ നേരിട്ട് ഏറെ ക്ഷമയോടെയാണ് 75 റൺസ് നേടിയത്. രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന ബഹുമതി കഴിഞ്ഞ ദിവസം നേടിയ മുശീർ ഖാൻ സ്പിൻ ബൗളിങ്ങിലും തിളങ്ങി. കരുൺ നായരുടേതടക്കം രണ്ടു വിക്കറ്റുകൾ ഈ കൗമാര താരം സ്വന്തമാക്കി. 91 പന്തിൽ ആറ് ഫോറടക്കമാണ് വിദർഭ ക്യാപ്റ്റൻ വാദ്കർ 56 റൺസ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.