തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സീസണിലെ ആദ്യ മത്സരത്തിൽ ആവേശജയം കുറിച്ച് കേരളം. കരുത്തരായ പഞ്ചാബിനെതിരെ എട്ടു വിക്കറ്റിനാണ് കേരളം വിജയം പിടിച്ചെടുത്തത്. രണ്ടാമിന്നിങ്സിൽ 158 റൺസെന്ന വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ആതിഥേയർക്കുവേണ്ടി ക്യാപ്റ്റൻ സചിൻ ബേബിയും (56) രോഹൻ കുന്നുമ്മലും (48) ബാബ അപരാജിതും (39 നോട്ടൗട്ട്) ചേർന്ന് അഭിമാനകരമായ ജയത്തിലേക്ക് ബാറ്റുവീശുകയായിരുന്നു. സൽമാൻ നിസാർ ഏഴു റൺസുമായി പുറത്താകാത നിന്നു.
തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിന്റെ അവസാന ദിവസമാണ് പഞ്ചാബിനു മുന്നിൽ വിജയത്തിലെത്താനുള്ള സാധ്യത തുറന്നത്. ചായക്കു പിരിയുമ്പോൾ ജയിക്കാൻ 25 റൺസ് വേണ്ടിയിരുന്ന കേരളം തിരിച്ചെത്തി ക്ഷണത്തിൽ വിജയം തൊട്ടു. ഓപണറുടെ റോളിലേക്ക് സ്വയം പ്രമോട്ടു ചെയ്തെത്തിയ നായകൻ സചിൻ ബേബി ബാറ്റിങ് ദുഷ്‍കരമായ ട്രാക്കിൽ ഉത്തരവാദിത്വം ചുമലിലേറ്റുന്ന ഇന്നിങ്സാണ് പുറത്തെടുത്തത്. രോഹനൊപ്പം 73 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ട് പടുത്തുയർത്തിയ സചിൻ രണ്ടാം വിക്കറ്റിൽ ബാബ അപരാജിതിനൊപ്പം 75 റൺസും ചേർത്തു. ജയിക്കാൻ പത്തു റൺസ് മാത്രമിരിക്കേ ഇമൻജോത് സിങ്ങിന്റെ പന്തിൽ അൻമോൽപ്രീതിന് പിടികൊടുത്താണ് സചിൻ മടങ്ങിയത്.
ഒന്നാം ഇന്നിങ്സിൽ 15 റൺസ് ലീഡ് നേടിയ പഞ്ചാബ് രണ്ടാം ഇന്നിങ്സിൽ 55.1 ഓവറിൽ കേവലം 142 റൺസിനു പുറത്തായതാണ് കേരളത്തിന് വിജയപ്രതീക്ഷ സമ്മാനിച്ചത്. നാലു വിക്കറ്റ് വീതം വീഴ്ത്തിയ ആദിത്യ സർവാതെ, ബാബ അപരാജിത് എന്നിവരാണ് പഞ്ചാബിനെ കറക്കി വീഴ്ത്തിയത്. ജലജ് സക്സേന രണ്ടു വിക്കറ്റ് നേടി. 49 പന്തിൽ ഏഴു ഫോറും ഒരു സിക്സും ഉൾപ്പെടെ 51 റൺസെടുത്ത ക്യാപ്റ്റൻ പ്രഭ്സിമ്രൻ സിങ്ങിനും 122 പന്തിൽ 37 റൺസെടുത്ത അൻമോൽപ്രീത് സിങ്ങിനും മാത്രമേ കേരളത്തിന്റെ സ്പിൻ ആക്രമണത്തെ ചെറുത്തുനിൽക്കാൻ കഴിഞ്ഞുള്ളൂ. നാലു താരങ്ങൾ മാത്രമാണ് ഇന്നിങ്സിൽ രണ്ടക്കം കടന്നത്. 25 പന്തിൽ 12 റൺസെടുത്ത നേഹൽ വധേരയും ഓപണർ അഭയ് ചൗധരിയുമാണ് (12) രണ്ടക്കം കടന്ന മറ്റു താരങ്ങൾ.
അവസാന ദിനമായ തിങ്കളാഴ്ച മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 23 റൺസ് എന്ന നിലയിലാണ് പഞ്ചാബ് ബാറ്റിങ് പുനരാരംഭിച്ചത്. 119 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കിയുള്ള ഏഴു വിക്കറ്റുകളും പഞ്ചാബിന് നഷ്ടമായി. ഓപണർ നമൻ ധിർ (37 പന്തിൽ 7), സിദ്ധാർഥ് കൗൾ (0), കൃഷ് ഭഗത് (34 പന്തിൽ അഞ്ച്), മായങ്ക് മാർക്കണ്ഡെ (21 പന്തിൽ 9), രമൺദീപ് സിങ് (0), ഗുർനൂർ ബ്രാർ (ആറു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇമാൻജോത് സിങ് ചഹൽ റണ്ണൊന്നും എടുക്കാതെ പുറത്താകാതെ നിന്നു.
ആദിത്യ സർവാതെ 19 ഓവറിൽ 43 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്. ബാബ അപരാജിത് 15 ഓവറിൽ 35 റൺസ് വഴങ്ങി നാലു വിക്കറ്റ് സ്വന്തമാക്കി. പഞ്ചാബിന്റെ 20 വിക്കറ്റുകളും വീഴ്ത്തിയത് കേരളത്തിന്‍റെ അതിഥി താരങ്ങളാണ്. ഒന്നാം ഇന്നിങ്സിൽ ജലജ് സക്സേന, ആദിത്യ സർവാതെ എന്നിവർ അഞ്ചു വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. നേരത്തെ, പഞ്ചാബിന്റെ ആദ്യ ഇന്നിങ്സ് 194 റൺസിനാണ് അവസാനിച്ചത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയരും സ്പിൻ കെണിയിൽ വീണു, 179 റൺസിന് കൂടാരം കയറി. ആറു വിക്കറ്റുകളും പിഴുതത് ലെഗ് സ്പിന്നർ മായങ്ക് മാർക്കണ്ഡെ. ഒടുവിൽ ശ്രമകരമായ വിജയലക്ഷ്യം കേവലം രണ്ടു വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്ത് കേരളം വിജയത്തോടെ തുടങ്ങുകയായിരുന്നു. രണ്ടിന്നിങ്സുകളിലുമായി ഒമ്പതു വിക്കറ്റ് വീഴ്ത്തിയ ആദിത്യ സർവാതെയാണ് കളിയിലെ കേമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.