ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ പുതിയ സീസണിൽ കേരളവും യു.പിയും തമ്മിൽ നാലുദിവസം നീളുന്ന മത്സരത്തിന് ആലപ്പുഴ എസ്.ഡി കോളജ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച തുടക്കമാകും. രാവിലെ ഒമ്പതിനാണ് ടോസ്.
ദിവസവും രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയാണ് കളി. സത്യജിത് സദ്ബായിയാണ് മാച്ച് റഫറി. എം. മുഹമ്മദ് റാഫി, നിഖിൽ എ. പട്വർധൻ എന്നിവരാണ് അമ്പയർമാർ. രാജ്യാന്തര ക്രിക്കറ്റിൽ കന്നി സെഞ്ച്വറി നേടിയ കേരള ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ അടക്കമുള്ള വമ്പൻ താരങ്ങളുടെ വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷയിലാണ് ആരാധകർ. കേരളത്തിന്റെ യുവതാരങ്ങളായ സച്ചിൻ ബേബി, വിഷ്ണു വിനോദ്, ജലജ് സക്സേന, രോഹൻ കുന്നുമേൽ, ബേസിൽ തമ്പി എന്നിവരും ഫോമിലാണ്.
യു.പിക്കുവേണ്ടി ഇന്ത്യൻ താരങ്ങളായ റിങ്കുസിങ്, കുൽദീപ് യാദവ്, ഐ.പി.എൽ താരങ്ങളായ പ്രിയംഗാർഗ്, അങ്കിത് രജിപുത്, സമീർ റിസ്വി എന്നിവരും കളത്തിലിറങ്ങും. കേരള ടീമിന്റെ ക്യാമ്പുകൾ സ്ഥിരമായി നടക്കാറുണ്ടെങ്കിലും എസ്.ഡി കോളജ് ഗ്രൗണ്ട് രഞ്ജി ട്രോഫി മത്സരത്തിന് ആദ്യമായാണ് ബി.സി.സി.ഐ അനുമതി നൽകിയത്.
ഔട്ട്ഫീൽഡും പിച്ചും മികച്ചതാണ്. ഇരുടീമും രണ്ടുദിവസത്തെ തീവ്രപരിശീലനം പൂർത്തിയാക്കിയാണ് ആദ്യദിന പോരിനിറങ്ങുന്നത്. 2018-19 സീസണിൽ സെമിഫൈനലിലെത്തിയതാണ് കേരളത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. 2017ൽ ക്വാർട്ടറിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.