തിരുവനന്തപുരം: ജലജ് സക്സേനയുടെയും ശ്രേയസ് ഗോപാലിന്റെയും ഉജ്ജ്വല ബൗളിങ് പ്രകടനത്തിൽ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കരുത്തരായ മുംബൈയെ രണ്ടാം ഇന്നിങ്ങിസിൽ 319 റൺസിന് എറിഞ്ഞിട്ട് കേരളം. കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന മുംബൈയെ നാലുവിക്കറ്റ് വീതം നേടി ജലജും ശ്രേയസും ചേർന്നാണ് പിടിച്ചുകെട്ടിയത്.
മൂന്നാംദിനം കളി നിർത്തുമ്പോൾ കേരളം വിക്കറ്റ് നഷ്ടപ്പെടാതെ ആറ് ഓവറിൽ 24 റൺസ് നേടിയിട്ടുണ്ട്. ജലജ് സക്സേനയും (12*), രോഹൻ കുന്നുമ്മലുമാണ് (12*) ക്രീസിൽ. അനായാസം മേൽക്കൈ നേടാമായിരുന്ന ആദ്യ ഇന്നിങ്ങിസിൽ 7 റൺസ് ലീഡ് വഴങ്ങിയ കേരളത്തിന് കളി ജയിക്കാൻ 90 ഓവറിൽ 303 റൺസ് വേണം. മൂന്നാം ദിനം കളിയാരംഭിച്ച മുംബൈ വിക്കറ്റ് നഷ്ടപ്പെടാതെ 105 എന്ന ശക്തമായ സ്കോറിൽ നിൽക്കെ 100 പന്തിൽ 73 റൺസ് നേടിയ ബിസ്തയെയും 179 പന്തിൽ 88 റൺസ് നേടിയ ഭുവൻ ലാൽവാനിയെയുമാണ് തുടക്കത്തിൽ നഷ്ടമായത്.
എം.ഡി. നിധീഷാണ് സെഞ്ച്വറിയിലേക്ക് കുതിച്ച ബിസ്തയെ കീപ്പർ സഞ്ജുസാംസന്റെ കൈകളിലെത്തിച്ച് കേരളത്തിന് ബ്രേക്ക് നൽകിയത്. ഭുവൻ ലാൽവാനിയെ ശ്രേയസ് ഗോപാൽ ക്ലീൻ ബൗൾഡാക്കിയപ്പോൾ സെഞ്ച്വറിയിലേക്ക് കുതിച്ച രണ്ടാമനും കൂടാരം കയറി.
ക്യാപ്റ്റൻ അജിൻകെ രഹാനെ (65 പന്തിൽ 16 റൺസ്) കാര്യമായ സംഭാവന നൽകാതെ ജലജിന് വിക്കറ്റ് നൽകി പുറത്തായി. തുടർന്ന് വന്ന പ്രസാദ് പവാർ (35), ഷംസ് മുലാനി (30), ഒമ്പതാം നമ്പറിൽ ഇറങ്ങിയ മോഹിത് അവസ്തി (30) എന്നിവരാണ് മുംബൈ കുതിപ്പിൽ പ്രധാന പങ്കുവഹിച്ചവർ. ആദ്യ ഇന്നിങ്ങിസിൽ അർധ സെഞ്ച്വറി നേടിയ ശിവം ദുബെക്ക് രണ്ടാം ഇന്നിങ്സിൽ തിളങ്ങാനായില്ല. ഒരു റൺസ് എടുത്ത ദുബെ ജലജ് സക്സേനയുടെ പന്തിൽ ക്യാപ്റ്റൻ സഞ്ജുവിന് കാച്ച് നൽകി വിക്കറ്റ് തുലച്ചു. തനുഷ് കൊട്ടിയാൻ (3), ധവാൽ കുൽക്കർണി (5), റോയ്സ്റ്റൻ ഡയസ് (0*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ. കേരളത്തിനുവേണ്ടി എം.ഡി. നിധീഷ് രണ്ട് വിക്കറ്റും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.