‘ക്രിക്കറ്ററെന്ന നിലയിൽ അത് വളരെ കഠിനമാണ്’; റെക്കോഡ് നേട്ടത്തിനു പിന്നാലെ അശ്വിൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാനാകാത്തതിന്‍റെ നിരാശ ഇപ്പോഴും രവിചന്ദ്രൻ അശ്വിന്‍റെ ഉള്ളിലുണ്ട്. ടീമിലുണ്ടായിട്ടും പ്ലെയിങ് ഇലവനിൽ താരത്തിന് ഇടംകിട്ടിയിരുന്നില്ല.

ഒരു പേസറെ അധികം കളിപ്പിക്കാനുള്ള തീരുമാനമാണ് അശ്വിന്‍റെ വഴിമുടക്കിയത്. ആസ്ട്രേലിയക്കെതിരെ നാണംകെട്ട തോൽവിയാണ് അന്ന് ഇന്ത്യ ഏറ്റുവാങ്ങിയത്. അശ്വിനെ കളിപ്പിക്കാതിരുന്നത് വലിയ ചർച്ചകൾക്കും വഴിവെച്ചു.

വെസ്റ്റിഡീസിനെതിരെ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ദിനം തന്നെ അഞ്ചു വിക്കറ്റുമായി തിളങ്ങിയ അശ്വിൻ, തന്‍റെ നിരാശ പിന്നെയും പരസ്യമാക്കി. ഫൈനൽ കളിക്കാനാകാത്തത് വളരെ കഠിനമായിരുന്നെന്ന് താരം പറയുന്നു. 33ാം തവണയാണ് അശ്വിൻ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്.

‘ഞാൻ അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പ്ലെയിങ് ഇലവനിൽ ഇടംപിടിക്കാതെ പുറത്ത് ഇരിക്കുന്നത് ഒരു ക്രിക്കറ്ററെന്ന നിലയിൽ വളരെ ബുദ്ധിമുട്ടാണ്. ഇംഗ്ലണ്ടിലേക്ക് പോകുമ്പോൾ, ഞാൻ കളിക്കാൻ ശാരീരികമായും മാനസികമായും തയാറെടുത്തു, ഗെയിമിനായി എല്ലാം ആസൂത്രണം ചെയ്തു. പക്ഷേ, ഗെയിം കളിക്കാതിരിക്കാനും ഞാൻ തയാറായിരുന്നു’ -അശ്വിൻ പറഞ്ഞു.

കളിക്കുന്നില്ലെങ്കിൽ, എങ്ങനെ പ്രതികരിക്കണം, ഡ്രസിങ് റൂമിൽ എങ്ങനെ സജീവമാകണം എന്നതിനെ കുറിച്ചെല്ലാം ചിന്തിച്ചിരുന്നു. ഫൈനൽ വിജയിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം, അത് എന്റെ കരിയറിൽ ഒരു മുതൽക്കൂട്ടാകും. എനിക്കതിൽ വലിയ പങ്കുവഹിക്കാനുണ്ടിയിരുന്നു. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ, കാര്യങ്ങൾ അതുപോലെ നടന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

വിക്കറ്റ് വേട്ടയിലൂടെ അശ്വിൻ തന്‍റെ ക്രിക്കറ്റ് കരിയറിൽ അപൂർവ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ താരം നേടിയ വിക്കറ്റുകൾ 700 കടന്നു. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് അശ്വിൻ. 953 വിക്കറ്റുകളുമായി സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയും 707 വിക്കറ്റുകളുമായി ഹർഭജൻ സിങ്ങുമാണ് താരത്തിനു മുന്നിലുള്ളത്. അശ്വിന് 701 വിക്കറ്റുകളും.

Tags:    
News Summary - Ravichandran Ashwin Opens Up On Pain Of Missing WTC Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.