റൺമല കയറാനാവാതെ പഞ്ചാബ്; ജയം തുടർന്ന് ആർ.സി.ബി

ധരംശാല: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 60 റൺസിന്റെ തകർപ്പൻ ജയം. 242 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 17 ഓവറിൽ 181 റൺസിന് പുറത്താവുകയായിരുന്നു. 27 പന്തിൽ 61 റൺസടിച്ച റിലി റൂസോയാണ് പഞ്ചാബ് നിരയിൽ തിളങ്ങിയത്. കൊൽക്കത്ത നൈറ്റ് ​റൈഡേഴ്സിനോട് ഒരു റൺസിന് തോറ്റ ശേഷം ആർ.സി.ബിയുടെ തുടർച്ചയായ നാലാം ജയമാണിത്. ജയത്തോടെ ആര്‍.സി.ബി ​േപ്ല ഓഫിനുള്ള വിദൂര സാധ്യത നിലനിര്‍ത്തിയപ്പോൾ പഞ്ചാബ് ​േപ്ല ഓഫ് കാണാതെ പുറത്തായി. 

കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്കോർ ബോർഡിൽ ആറ് റൺസ് മാത്രമുള്ളപ്പോൾ ഓപണർ പ്രഭ്സിമ്രാൻ സിങ് (6) സ്വപ്നിൽ സിങ്ങിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. എന്നാൽ, പിന്നീട് ഒന്നിച്ച ജോണി ബെയർസ്റ്റോ-റിലി റൂസോ സഖ്യം അതിവേഗം സ്കോർ ചലിപ്പിച്ചു. 5.5 ഓവറിൽ 71 റൺസിലെത്തിയപ്പോൾ ജോണി ബെയർസ്റ്റോയെ (16 പന്തിൽ 27) ഫാഫ് ഡു പ്ലസിയുടെ കൈയിലെത്തിച്ച് ലോക്കി ഫെർഗൂസൻ കൂട്ടുകെട്ട് പൊളിച്ചു. തുടർന്നെത്തിയ ശശാങ്ക് സിങ് തകർപ്പൻ ഫോം തുടർന്നതോടെ പഞ്ചാബിന് വിജയപ്രതീക്ഷയായി.

അതിനിടെ റൂസോയും ജിതേഷ് ശർമയും (5), ലിയാം ലിവിങ്സ്റ്റണും (0) അടുത്തടുത്ത് പുറത്തായതിന്റെ തിരിച്ചടിയിൽനിന്ന് പിന്നീട് പഞ്ചാബിന് കരകയറാനായില്ല. വൈകാതെ 19 പന്തിൽ 37 റൺസടിച്ച ശശാങ്ക് സിങ് വിരാട് കോഹ്‍ലിയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി മടങ്ങുകയും ചെയ്തതോടെ അവർ തോൽവി ഉറപ്പിച്ചു. പിന്നീടെത്തിയവരിൽ ക്യാപ്റ്റൻ സാം കറൺ (22) മാത്രമാണ് രണ്ടക്കം കടന്നത്. അശുതോഷ് ശർമ (8), ഹർഷൽ പട്ടേൽ (0), അർഷ്ദീപ് സിങ് (4), രാഹുൽ ചാഹർ (പുറത്താവാതെ അഞ്ച്) എന്നിങ്ങനെയായിരുന്നു തുടർന്നെത്തിയവരുടെ സംഭാവന. പഞ്ചാബിനായി മുഹമ്മദ് സിറാജ് മൂന്നും സ്വപ്നിൽ സിങ്, ലോക്കി​ ഫെർഗൂസൻ, കരൺ ശർമ എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.

കോഹ്‍ലി-പാട്ടിദാർ വെടിക്കെട്ട്

ഇടക്ക് മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ 47 പന്തിൽ ആറ് സിക്സും ഏഴ് ഫോറുമടക്കം 92 റൺസെടുത്ത കോഹ്‍ലിയുടെയും തകർത്തടിച്ച രജത് പാട്ടിദാറിന്റെയും കാമറൂൺ ഗ്രീനിന്റെയും മികവിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗളൂരുകാർ 241 റൺസ് അടിച്ചുകൂട്ടിയത്. അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് 250 റൺസ് കടത്താനുള്ള ആർ.സി.ബി ബാറ്റർമാരുടെ ശ്രമത്തിന് തിരിച്ചടിയായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർ.സി.ബിക്കായി ഒമ്പത് റൺസെടുത്ത ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിയെയും 12 റൺസെടുത്ത വിൽ ജാക്സിനെയും തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും രജത് പാട്ടിദാറും വിരാട് കോഹ്‍ലിയും ആഞ്ഞടിച്ചതോടെ സ്കോർബോർഡിൽ വേഗത്തിൽ റൺസെത്തി. രജത് പാട്ടിദാർ പുറത്തായയുടനാണ് മഴകാരണം മത്സരം നിർത്തിവെച്ചത്. പത്തോവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിലായിരുന്നു അപ്പോൾ ബംഗളൂരു.

23 പന്തിൽ ആറ് സിക്സും മൂന്ന് ഫോറുമടക്കം 55 റൺസിലെത്തിയ പാട്ടിദാറിനെ സാം കറന്റെ പന്തിൽ ജോണി ബെയർസ്റ്റോ പിടികൂടുകയായിരുന്നു. മഴക്ക് ശേഷം കളി പുനരാരംഭിച്ചതോടെ കോഹ്‍ലിയും കാമറൂൺ ഗ്രീനും എതിർ ബൗളർമാരെ ആഞ്ഞു പ്രഹരിച്ചു. എന്നാൽ, സെഞ്ച്വറിയിലേക്ക് നീങ്ങിയ കോഹ്‍ലിയെ അർഷ്ദീപ് സിങ്ങിന്റെ പന്തിൽ റിലി റൂസോ പിടികൂടി. തുടർന്ന് കാമറൂൺ ഗ്രീനും ദിനേശ് കാർത്തികും ചേർന്ന് സ്കോർ അതിവേഗം ചലിപ്പിച്ചു. ഗ്രീൻ 27 പന്തിൽ 46 റൺസെടുത്തും ദിനേശ് കാർത്തിക് ഏഴ് പന്തിൽ 18 റൺസെടുത്തും പുറത്തായി. മഹിപാൽ ലംറോർ റൺസൊന്നുമെടുക്കാതെയും തിരിച്ചുകയറി.

പഞ്ചാബിനായി ഹർഷൽ പട്ടേൽ മൂന്നും വിദ്വത്ത് കവരപ്പ രണ്ടും വിക്കറ്റ് നേടിയപ്പോൾ സാം കറൺ, അർഷ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - RCB win over Punjab Kings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.