നിലവിൽ നടക്കുന്ന ദുലീപ് ട്രോഫി ടൂർണമെന്‍റിൽ ബാറ്റ് കൊണ്ട് മികച്ച തുടക്കമായിരുന്നില്ല ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനുണ്ടായത്. എന്നാൽ വിക്കറ്റ് കീപ്പിങ്ങിൽ മികച്ച പ്രകടനമായിരുന്നു പന്ത് പുറത്തെടുത്തിരുന്നത്. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് മത്സര പരമ്പരയിൽ അദ്ദേഹത്തെ ടീമിലെത്തിക്കാൻ അജിത് അഗാർക്കറും ഗംഭീറും നിർബന്ധിതരാകുമെന്ന് ഉറപ്പാണ്. ആദ്യ ഇന്നിങ്സിൽ എളുപ്പം പുറത്തായ പന്ത് പക്ഷെ രണ്ടാം ഇന്നിങ്സിൽ കത്തികയറി 47 പന്തിൽ നിന്നും 61 റൺസ് നേടിയിരുന്നു.
താരത്തിന്‍റെ കീപ്പിങ്ങിനും ബാറ്റിങ്ങിനുമപ്പുറം നേതൃത്വ മികവാണ് നിലവിൽ ചർച്ചയാകുന്നത്. ഇന്ത്യ ബിയുടെ നായകസ്ഥാനത്ത് അഭിമന്യും ഈശ്വരാണ്. എന്നാൽ ടീമിന്‍റെ ലീഡറുടെ സ്ഥാനം വഹിക്കുന്നത് പന്ത് ആണെന്ന് പറഞ്ഞാൽ തെറ്റ് പറയാൻ പറ്റില്ല. ടീമിന് പെപ് ടോക്ക് നൽകാനും ബൗളർമാർക്ക് നിർദേശം നൽകാനുമെല്ലാം പന്തായിരുന്നു മുന്നിൽ. ഇന്ത്യ എയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഡ്രുവ് ജുറൽ ബാറ്റ് വീശുമ്പോൾ പേസ് ബൗളർ നവ്ദീപ് സൈനിക്ക് ബോൾ നൽകാൻ പന്തായിരുന്നു നിർദേശിച്ച് ഓവറിന്‍റെ അവസാന പന്തിൽ ജുറലിനെ പുറത്താക്കാനും സൈനിക്ക് സാധിച്ചു.
പിന്നാലെ കമന്ററി ബോക്സിലുണ്ടായിരുന്ന ഇന്ത്യൻ മുൻ ഓപണിംഗ് ബാറ്റർ ഡബ്ല്യു. വി. രാമൻ പന്തിനെ പ്രശംസിച്ചു. ടീമിന്‍റെ നായകൻ ആരാണെന്നുള്ളതിൽ പ്രസക്തി ഇല്ലെന്നും പന്ത് എപ്പോഴും ലീഡറാണെന്നും അദ്ദേഹം പറഞ്ഞു. 'ടീമിന്‍റെ നായകൻ ആരാണെന്നുള്ളതിൽ പ്രസക്തി ഇല്ല. ഋഷഭ് പന്ത് ഗ്രൗണ്ടിൽ എപ്പോഴും ലീഡറാണ്. ഇടവേളയിൽ അവൻ സൈനിയോട് കുറച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു, അത് പ്രാവർത്തികമാകുകയും ചെയ്തു,' കമന്‍ററി ബോക്സിലിരുന്നുകൊണ്ട് ഡബ്ല്യു. വി. രാമൻ പറഞ്ഞു.
ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ അഭിവാജ്യ ഘടകമായിരുന്നു പന്ത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി താരം ടെസ്റ്റ് ക്രിക്കറ്റിൽ പങ്കെടുത്തിട്ടില്ല. തനിക്ക് നേരിട്ട ഒരു ആക്സിഡന്‍റിന് ശേഷമായിരുന്നു താരം ക്രിക്കറ്റിൽ നിന്നും വിട്ട് നിന്നത്. ഒരു സമയത്ത് ഇന്ത്യൻ ടീമിന്‍റെ അടുത്ത നായകസ്ഥാനത്ത് ഉയർന്ന് കേട്ട പേരായിരുന്നു പന്ത്. എന്നാൽ നിലവിൽ ദുലീപ് ട്രോഫിയിൽ പോലും അദ്ദേഹത്തിന് നായക സ്ഥാനം ബി.സി.സി.ഐ നൽകുന്നില്ല. എന്നാൽ ക്യാപ്റ്റൻ ആകാതെ തന്നെ താരത്തിന്‍റെ ലീഡർഷിപ്പിനെ കുറിച്ച് വീണ്ടും ചർച്ചയാകുകയാണ്. എന്തായാലും ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് പന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.