വെള്ളപന്തിനെയും ചുവന്നപന്തിയെും ഒരുപോലെ സമീപിക്കുന്ന ഒരിന്ത്യക്കാരനുണ്ടായിരുന്നു. പേര് വീരേന്ദർ സെവാഗ്. സാങ്കേതികത്തികവില്ലെന്നും കോപ്പിബുക്ക് കളിപാഠങ്ങളില്ലെന്നും വിമർശിച്ചവരെയെല്ലാം സ്തബ്ധരാക്കി അയാൾ മൈതാനങ്ങളിൽ മാരത്തോൺ ഇന്നിങ്സുകൾ തീർത്തു. 82.23 സ്ട്രൈക്ക്റേറ്റിൽ 8586 റൺസടിച്ചുകൂട്ടിയ സെവാഗ് ടെസ്റ്റുകൾക്ക് ഉത്സവച്ചായ പകർന്നാണ് പാഡഴിച്ചുപോയത്.
ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധപാഠമെന്ന് ഉൾകൊള്ളുന്ന മറ്റൊരു ഇന്ത്യക്കാരൻ കൂടി ടെസ്റ്റ് ക്രിക്കറ്റിൽ പതിയെ നിലയുറപ്പിക്കുകയാണ്. പക്വതയില്ലെന്ന് പഴികേട്ട റിഷഭ് പന്ത് കടുത്ത സമ്മർദ്ദ നിമിഷങ്ങളെ ഞൊടിയിടകൊണ്ട് മാറ്റിമറിച്ച് ബാറ്റിങ് സമവാക്യങ്ങൾ മാറ്റിമറിക്കുന്നതിന് ചെന്നൈ ടെസ്റ്റും സാക്ഷിയാകുന്നു. 88 പന്തുകളിൽ നിന്നും 91 റൺസെടുത്താണ് പന്ത് ഇക്കുറി മടങ്ങിയത്. ബാറ്റിനെ ചുംബിച്ച് ഗാലറിയിൽ പറന്നിറങ്ങിയ അഞ്ചുസിക്സറുകളും ഒൻപത് ബൗണ്ടറികളും ആ ഇന്നിങ്സിന് അലങ്കാരമായി. പൂജാര പ്രതിരോധിച്ചും കോഹ്ലിക്കും രഹാനെക്കും നിലയുറപ്പിക്കാനുമാകാതെയും മടങ്ങിയ പിച്ചിൽ ഒരിക്കൽ കൂടി പന്ത് സ്വതസിദ്ധമായ ശൈലിയിൽ നിറഞ്ഞാടുകയായിരുന്നു. അർഹിച്ച സെഞ്ച്വറിക്കരികെ ഒരിക്കൽകൂടി വീണുവെന്ന സങ്കടം അപ്പോഴും ബാക്കിനിൽക്കുന്നു.
തുടരെ മൂന്നാംടെസ്റ്റിലാണ് പന്ത് സെഞ്ച്വറിക്കരികെ ഇന്നിങ്സ് അവസാനിപ്പിക്കുന്നത്. സിഡ്നിയിൽ തകർന്നിരുന്ന ഇന്ത്യയുടെ പ്രതീക്ഷകൾ ഊതിക്കത്തിച്ച് നേടിയ 97 റൺസും ഗാബ്ബയിലെ പുറത്താകാതെ നേടിയ മഹത്തായ 89 റൺസും ഇതിലുൾപ്പെടും. നേടിയ റൺസുകളേക്കാളുപരി കളിയോടുള്ള സമീപനവും സമ്മർദ്ദങ്ങളെ അതിജീവിക്കുന്ന ആക്രമണോത്സുകതയുമാണ് പന്തിനെ മറ്റുള്ളവരിൽ നിന്നും വേറിട്ടുനിർത്തുന്നത്.
ഏകദിനത്തിലും ട്വന്‍റി 20യിലും സ്ഥിരതയില്ലെന്ന പഴി കേൾക്കുേമ്പാഴും 16 ടെസ്റ്റുകളിൽ നിന്നും 43.52 ശരാശരിയിൽ 1088 റൺസ് പന്ത് തന്‍റെ പേരിലാക്കിക്കഴിഞ്ഞു. നേടിയ രണ്ട് സെഞ്ച്വറികളിൽ ഒന്ന് ഇംഗ്ലണ്ടിനെതിരെ കെന്നിങ്ടൺ ഓവലിലും ഒന്ന് ഒാസീസിനെതിെര സിഡ്നിയുമായിരുന്നെത് താരത്തിന്‍റെ ക്ലാസ് വെളിവാക്കുന്നു. അനാവശ്യമായി പുറത്താകുന്നുവെന്ന വിമർശനം നിലനിൽക്കുേമ്പാഴും വലിയ പ്രതീക്ഷകളോടെയാണ് 23കാരന്‍റെ ഓരോ ഇന്നിങ്സും അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.