ചെന്നൈക്കെതിരായ ജയത്തിന് പിന്നാലെ ഋഷബ് പന്തിന് പിഴ

വിശാഖപട്ടണം: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ ജയിച്ചതിന് പിന്നാലെ ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റൻ ഋഷബ് പന്തിന് പിഴയിട്ട് ഐ.പി.എൽ അധികൃതർ. ചെന്നൈക്കെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിൽ 12 ലക്ഷം രൂപയാണ് പിഴ. സീസണിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ടീമിന്റെ ആദ്യ പിഴയായതുകൊണ്ടാണ് ഇതില്‍ ഒതുങ്ങിയത്. ആവര്‍ത്തിച്ചാല്‍ ഒരു മത്സരത്തിൽ വിലക്ക് നേരിടേണ്ടിവരും.

സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ആദ്യമായി പിഴ ലഭിച്ചത്. ഗില്ലിനും 12 ലക്ഷമാണ് പിഴയിട്ടത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റെടുത്തശേഷം ഫ്ലയിങ് കിസ് നല്‍കി യാത്രയയപ്പ് നല്‍കിയതിന് കൊല്‍ക്കത്ത പേസര്‍ ഹര്‍ഷിത് റാണക്ക് മാച്ച് ഫീയുടെ 60 ശതമാനം പിഴ വിധിച്ചിരുന്നു.

വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ചെന്നൈക്കെതിരെ 20 റണ്‍സിനായിരുന്നു ഡല്‍ഹി കാപിറ്റല്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഡേവിഡ് വാര്‍ണര്‍ (35 പന്തില്‍ 52), ഋഷഭ് പന്ത് (32 പന്തില്‍ പുറത്താവാതെ 51), പൃഥ്വി ഷാ (43) എന്നിവരുടെ മികച്ച ഇന്നിങ്സിന്റെ ബലത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് നേടിയിരുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അജിൻക്യ രഹാനെയും (30 പന്തിൽ 45), ഡാറിൽ മിച്ചലും (26 പന്തിൽ 34) എം.എസ് ധോണിയും (16 പന്തിൽ പുറത്താകാതെ 37) മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും 20 റൺസകലെ വീഴുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ട് വിക്കറ്റ് നേടിയ ഖലീൽ അഹ്മദും ചേർന്നാണ് ചെന്നൈയെ വരിഞ്ഞുമുറുക്കിയത്.

Tags:    
News Summary - Rishabh Pant fined after win against Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.