ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എം.എസ്. ധോണി ഒഴിച്ചിട്ട് പോയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ സീറ്റിനായി നിലവിൽ പിടിവലി നടക്കുകയാണ്.
ടെസ്റ്റിലെ സ്ഥാനം ഋഷഭ് പന്ത് ആസ്ട്രേലിയൻപര്യടനത്തോടെ ഏറെക്കുറേ ഉറപ്പിച്ചെങ്കിലും ഓരോ തവണ ഐ.പി.എൽ എത്തുന്ന വേളയിലും പരിമിത ഓവർ ക്രിക്കറ്റിൽ ഡൽഹിക്കാരന് വെല്ലുവിളിയുമായി ഒരുപിടി താരങ്ങൾ രംഗത്തെത്താറുണ്ട്. അതിൽ പ്രധാനിയാണ് മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസൺ.
ശ്രേയസ് അയ്യർക്ക് പരിക്കേറ്റതോടെ ഡൽഹി നായകനായി പന്ത് അവരോധിക്കപ്പെട്ടതോടെ ഈ സീസണിലെ രാജസ്ഥാൻ- ഡൽഹി മത്സരത്തിന് മറ്റൊരു മാനം കൂടി കൈവരാൻ പോകുകയാണ്. ജനുവരി മാസത്തിൽ ഐ.സി.സിയുടെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ പന്ത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും പ്രതിഭ തെളിയിച്ചത് സഞ്ജുവിന് വെല്ലുവിളിയാണ്.
ആദ്യമായാണ് പന്ത് ഐ.പി.എല്ലിൽ സ്ഥിരം നായകനാകുന്നത്. നേരത്തെ വിജയ് ഹസാരെ ട്രോഫിയില്‍ പന്ത് ഡൽഹിയെ നയിച്ചിരുന്നു.
ഐ.പി.എല്ലിൽ സഞ്ജുവിന്റെ ആദ്യ നായകത്വമാണിത്. സ്റ്റീവൻ സ്മിത്തിനെ ടീം റിലീസ് ചെയ്തതോടെയാണ് നായകന്‍റെ ഉത്തരവാദിത്വം സഞ്ജുവിന്റെ ചുമലിലെത്തിയത്. പരിമിത ഓവർ ക്രിക്കറ്റിൽ കേരളത്തെ നയിച്ചതിന്‍റെ അനുഭവ സമ്പത്തുമായാണ് 26കാരൻ ഐ.പി.എല്ലിനെത്തുന്നത്.
ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സംഗക്കാരയടക്കമുള്ളവർക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം സഞ്ജുവിന് ലഭിക്കും.
രാജസ്ഥാൻ റോയൽസിന്‍റെ ഡയറക്ടർ ഓഫ് ക്രിക്കറ്റായാണ് സംഗ നിയമിതനായത്. ഏപ്രിൽ ഒമ്പതിനാണ് ഐ.പി.എൽ പൂരത്തിന് കൊടി കയറുന്നത്. ഏപ്രിൽ 12ന് വാംങ്കഡെ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.