ഐ.പി.എൽ മേഗാ ലേലത്തിൽ ഏറ്റവും കൂടുതൽ പണം ലഭിച്ച താരമായി ഋഷഭ് പന്ത് മാറിയിരുന്നു. 27 കോടിക്ക് ലഖ്നൗ സൂപ്പർ ജയന്‍റ്സാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററിനെ സ്വന്തമാക്കിയത്. ലഖ്നൗവിന്‍റെ ക്യപ്റ്റനായും പന്ത് മാറി. ഡെൽഹി ക്യാപിറ്റൽസിൽ നിന്നാണ് പന്ത് ലഖ്നൗവിലെത്തിയത്.
ഐ.പി.എൽ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ലേലതുക കൈപറ്റിയ താരമെന്ന റെക്കോഡ് നേടിയ താരമാണ് പന്ത്. ലേലത്തിൽ പഞ്ചാബ് കിങ്സ് തന്നെ വിളിച്ചെടുക്കുമെന്ന് ഭയമുണ്ടായിരുന്നു എന്ന് പറയുകയാണ് താരമിപ്പോൾ. 'ലേലത്തിലേക്ക് നോക്കുമ്പോൾ ഒരൊറ്റ ടെൻഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നെ പഞ്ചാബ് കിങ്സ് എടുക്കുമോ എന്നുള്ളത് (ചിരിക്കുന്നു). അവർക്കല്ലായിരുന്നോ ഏറ്റവും കൂടുതൽ തുക ബാക്കിയുണ്ടായിരുന്നത്. എന്നാൽ ശ്രേയസിനെ അവർ 26 കോടിക്ക് മുകളിൽ നൽകിയെടുത്തപ്പോൾ ഞാൻ എൽ.എസ്.ജിയിലെത്തുമെന്ന് തോന്നി. എന്നാലും ലേലത്തിന്‍റെ കാര്യം ഒന്നും പറയാൻ സാധിക്കില്ലല്ലോ, അതിനാൽ കാത്തിരുന്ന് കാണാമെന്ന് വെച്ചു,' സ്റ്റാർ സ്പോർട്സ് ഷോയിൽ പന്ത് പറഞ്ഞു.
അതേസമയം ഐപിഎല്ലിലെ എക്കാലത്തെയും മികച്ച നായകനായി ഋഷഭ് പന്ത് മാറുമെന്ന് ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക പ്രതീക്ഷ പ്രകടിപ്പിച്ചു. കെ.എൽ രാഹുലായിരുന്നു കഴിഞ്ഞ മൂന്ന് സീസണിലും ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ നായകനായത്. ടീമിനോട് പൂർണമായ ആത്മാർത്ഥത പുലർത്തുമെന്നായിരുന്നു ഗോയങ്കയുടെ വാക്കുകളോട് പന്ത് മറുപടി നൽകിയത്.
ഇന്ത്യൻ വിക്കറ്റ് കീപ്പർ താരമായ ഈ ഇടം കയ്യൻ ബാറ്ററെ ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരെല്ലാം നോട്ടമിട്ടുണ്ടെന്ന് ലേലത്തിന് മുമ്പ് വാർത്തകളുണ്ടായിരുന്നു. എന്നാൽ ലേലത്തിൽ നായകനെ തേടുന്ന ഗോയങ്കെയും കൂട്ടരും താരത്തെ ടീമിലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.