മുംബൈ: തകർപ്പൻ സെഞ്ച്വറിയുമായി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇടവേളക്കുശേഷം വീണ്ടും ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടംപിടിച്ചു. ഒന്നാം ടെസ്റ്റിൽ തിളങ്ങാതിരുന്ന നായകൻ രോഹിത് ശർമയും സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയും റാങ്കിങ്ങിൽ തിരിച്ചടി നേരിട്ടു.
ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിൽ മൂന്നു ഇന്ത്യൻ താരങ്ങളാണുള്ളത്. 751 റേറ്റിങ്ങുമായി അഞ്ചാം സ്ഥാനത്തുള്ള യശസ്വി ജയ്സ്വാളാണ് റാങ്കിങ്ങിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ താരം. 731റേറ്റിങ്ങുമായി പന്ത് ആറാമതാണ്. രണ്ടു വർഷത്തോളം നീണ്ട ഇടവേളക്കുശേഷമാണ് പന്ത് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത്. ചെന്നൈയിൽ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ കരിയറിലെ ആറാം ടെസ്റ്റ് സെഞ്ച്വറി താരം സ്വന്തമാക്കിയിരുന്നു. 128 പന്തിൽ 13 ഫോറും നാലു സിക്സും സഹിതം 109 റൺസെടുത്താണ് താരം പുറത്തായത്.
ഒന്നാം ഇന്നിങ്സിൽ താരം 52 പന്തിൽ 39 റൺസെടുത്തിരുന്നു. അഞ്ചു സ്ഥാനങ്ങൾ പിറകോട്ട് പോയ രോഹിത് ശർമ 716 റേറ്റിങ്ങുമായി പത്താം സ്ഥാനത്താണ്. കോഹ്ലി ആദ്യ പത്തിനുള്ളിൽനിന്ന് പുറത്തായി. അഞ്ചു സ്ഥാനങ്ങൾ താഴോട്ടുപോയ താരം നിലവിൽ 12ാം സ്ഥാനത്താണ്. സെഞ്ച്വറിയുമായി തിളങ്ങിയ ഗില്ല് അഞ്ചു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 14ാം സ്ഥാനത്തെത്തി. റേറ്റിങ് 701 ആണ്. ആദ്യ 20 പേരിൽ അഞ്ചു ഇന്ത്യൻ താരങ്ങളാണുള്ളത്. 852 റേറ്റിങ്ങുമായി ന്യൂസിലൻഡിന്‍റെ കെയിൻ വില്യംസണാണ് ഒന്നാമത്. കീവീസിന്‍റെ തന്നെ ഡാരിൽ മിച്ചൽ, ഓസീസ് താരം സ്റ്റീവൻ സ്മിത്ത് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
മികച്ച ടെസ്റ്റ് ബൗളർമാരിൽ ഇന്ത്യയുടെ സ്പിൻ സ്പെഷലിസ്റ്റ് ആർ. അശ്വിനും പേസ് കുന്തമുന ജസ്പ്രീത് ബുംറയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ടെസ്റ്റ് ഓൾ റൗണ്ടർമാരിൽ അശ്വിനും രവീന്ദ്ര ജദേജയും തന്നെയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 475 റേറ്റിങ്ങുമായാണ് ജദേജ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്. അശ്വിന് 370 റേറ്റിങ്ങും. ജയ്സ്വാൾ ആദ്യമായാണ് ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ അഞ്ചിനുള്ളിൽ എത്തുന്നത്. ഒന്നാം ഇന്നിങ്സിലെ അർധ സെഞ്ച്വറി പ്രകടനമാണ് താരത്തിന് തുണയായത്. ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം മത്സരം ഈമാസം 27ന് കാൺപുരിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.