ഗീലോങ്: ട്വന്റി20 ലോകകപ്പിൽ യു.എ.ഇ ചരിത്ര ജയം നേടിയപ്പോൾ നിർണായകമായത് മലയാളി താരങ്ങളുടെ പ്രകടനം. കണ്ണൂരുകാരനായ ടീം നായകൻ റിസ്‍വാന്റെയും കോഴിക്കോട്ടുകാരനായ ഓൾറൗണ്ടർ ബാസിൽ ഹമീദിന്റെയും തകർപ്പൻ പ്രകടനമാണ് ടീമിന് കരുത്തായത്. റിസ്‍വാൻ 29 പന്തിൽ ഒരു സിക്സും മൂന്നു ഫോറുമടക്കം പുറത്താവാതെ 43 റൺസടിച്ചപ്പോൾ ബാസിൽ 14 പന്തിൽ രണ്ടു വീതം സിക്സും ഫോറുമടക്കം പുറത്താവാതെ 25 റൺസെടുത്തു. ബാസിൽ രണ്ടു വിക്കറ്റുമായി ബൗളിങ്ങിലും തിളങ്ങി.
കണ്ണൂർ തലശ്ശേരി സ്വദേശിയായ റിസ്‍വാൻ യു.എ.ഇക്കായി 29 ഏകദിനങ്ങളും 15 ട്വന്റി20കളും കളിച്ചിട്ടുണ്ട്. 2019 ജനുവരി മുതൽ യു.എ.ഇ ടീമംഗമാണ് ഈ 34കാരൻ. വലങ്കയ്യൻ ബാറ്ററും പാർട്ട്ടൈം ലെഗ്ബ്രേക്ക് ബൗളറുമാണ്. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ബാസിലും 2019 ഡിസംബർ മുതൽ യു.എ.ഇ ജഴ്സിയണിയുന്നുണ്ട്. വലങ്കയ്യൻ ബാറ്ററും ഓഫ് ബ്രേക്ക് ബൗളറുമായ ബാസിൽ യു.എ.ഇക്കായി 25 ഏകദിനങ്ങളും 24 ട്വന്റി20കളും കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.