ബി.സി.സി.ഐ പ്രസിഡന്‍റ്; സൗരവ് ഗാംഗുലിക്ക് പകരക്കാരനായി റോജർ ബിന്നി?

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) പ്രസിഡന്‍റ് സ്ഥാനത്തേക്ക് സൗരവ് ഗാംഗുലിയുടെ പകരക്കാരനായി മുൻ ഇന്ത്യൻ താരം റോജർ ബിന്നി എത്തിയേക്കും. മൂന്നു തവണ പ്രസിഡന്‍റ് പദവി അലങ്കരിച്ച ഗാംഗുലിയുടെ കാലാവധി ഈ വർഷം അവസാനിക്കുകയാണ്.

ഇതിനിടെയാണ് ഗാംഗുലിയുടെ ഭാവിയെ കുറിച്ചും അടുത്ത ബി.സി.സി.ഐ പ്രസിഡന്‍റിനെ കുറിച്ചുമുള്ള ചർച്ചകൾ സജീവമായത്. മുൻ നായകൻ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ (ഐ.സി.സി) ചെയര്‍മാനായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ചെയർമാൻ പോസ്റ്റിലേക്ക് പരിഗണിക്കുന്ന ഇന്ത്യയുടെ പ്രതിനിധിയായി ഗാംഗുലിയുടെ പേരാണ് ഉയർന്നുകേൾക്കുന്നത്.

നിലവിലെ സെക്രട്ടറി ജെയ് ഷാ പ്രസിഡന്‍റ് പദവിയിലെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. എന്നാൽ, ജെയ് ഷാ സെക്രട്ടറി സ്ഥാനത്തു തുടരുമെന്നും പ്രസിഡന്‍റ് പദവിയിലേക്ക് കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റായ റോജർ ബിന്നി എത്തുമെന്നുമാണ് പുതിയ വിവരം. ബി.സി.സി.ഐയുടെ കരടു പട്ടികയില്‍ അദ്ദേഹത്തിന്‍റെ പേരുണ്ട്. ബിന്നി നേരത്തെ ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

1983ലെ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു ബിന്നി. ബോളിങ് ഓൾറൗണ്ടറായിരുന്ന ബിന്നി ഇന്ത്യക്കായി 27 ടെസ്റ്റ്, 72 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 47ഉം ഏകദിനത്തിൽ 77ഉം വിക്കറ്റുകൾ വീഴ്ത്തി. ഈമാസം 18ന് നടക്കുന്ന വാര്‍ഷിക സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    
News Summary - Roger Binny May Replace Sourav Ganguly As BCCI President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.