മുംബൈ: ബി.സി.സി.ഐയുടെ പുതിയ അധ്യക്ഷനായി മുൻ ഇന്ത്യൻ താരം റോജർ ബിന്നി ചുമതലയേറ്റു. ചൊവ്വാഴ്ച മുംബൈ താജ് ഹോട്ടലില്‍ നടന്ന ബി.സി.സി.ഐ വാർഷിക ജനറൽ ബോഡി യോഗത്തിൽ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. പുതിയ ഭരണസമിതിയും ചുമതലയേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ സെക്രട്ടറി സ്ഥാനത്ത് തുടരും. ആശിഷ് ഷെലാർ ട്രഷററും രാജീവ് ശുക്ല വൈസ് പ്രസിഡന്റും ദേവജിത്ത് സൈകിയ ജോയന്റ് സെക്രട്ടറിയുമായും തെരഞ്ഞെടുക്കപ്പെട്ടു. നിവിലെ ട്രഷററും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ സഹോദരനുമായ അരുൺ ധുമൽ ആകും പുതിയ ഐ.പി.എൽ ചെയർമാൻ. അടുത്ത മാസം ബ്രിജേഷ് പട്ടേലിന്റെ കാലാവധി കഴിയുന്നതോടെ ഇദ്ദേഹം ചുമതലയേൽക്കും.
സൗരവ് ഗാംഗുലിയുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ബി.സി.സി.ഐയുടെ 36ാം പ്രസിഡന്‍റായി ബിന്നി അധികാരമേറ്റത്. നിലവിൽ അധ്യക്ഷനായിരുന്ന സൗരവ് ഗാംഗുലിക്ക് ഐ.പി.എല്‍ ചെയര്‍മാന്‍ പദവി വാഗ്ദാനം ചെയ്തെങ്കിലും സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം തയാറായിരുന്നില്ല. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്. ഗാംഗുലിയെ ഒഴിവാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കർണാടക ക്രിക്കറ്റ് അസോസിയേഷനിലടക്കം പ്രവർത്തിച്ച് അനുഭവ സമ്പത്തുള്ളയാളാണ് റോജർ ബിന്നി. ഇന്ത്യക്കായി 27 ടെസ്റ്റുകളില്‍ കളിച്ച അദ്ദേഹം 47 വിക്കറ്റെടുകളെടുത്തിട്ടുണ്ട്. 72 ഏകദിനങ്ങളില്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞ ബിന്നി 1983ലെ ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ 18 വിക്കറ്റ് വീഴ്ത്തിയിരുന്നു. രഞ്ജി ട്രോഫിയിൽ ബംഗാൾ, കർണാടക ടീമുകൾക്കൊപ്പവും പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ സീനിയർ സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമായിരുന്നു. മുന്‍ ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.