രോഹൻ ജയ്​റ്റ്​ലി ഡൽഹി ക്രിക്കറ്റ്​ അസോസിയേഷൻ പ്രസിഡൻറ്​; തെരഞ്ഞെടുത്തത്​ എതിരില്ലാതെ

ന്യൂഡൽഹി: മുൻ കേന്ദ്ര ധനമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന അരുൺ ജയ്​റ്റ്​ലിയുടെ മകൻ രോഹൻ ഡൽഹി ക്രിക്കറ്റ്​ അസോസിയേഷൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർഥിയായി രംഗത്തുണ്ടായിരുന്ന സുനിൽ കുമാർ​ ഗോയൽ നോമിനേഷൻ പിൻവലിച്ചതോടെ രോഹൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലേക്കുള്ള നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയ്യതി ശനിയാഴ്​ചയായിരുന്നു. 31 കാരനായ അഭിഭാഷകൻ കൂടിയായ രോഹൻ 2021 ജൂൺ 31വരെ പ്രസിഡൻറായി തുടരും. മറ്റുപോസ്​റ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്​ നവംബർ അഞ്ചുമുതൽ മുതൽ എട്ട്​ വരെ നടക്കും.

മുൻ പ്രസിഡൻറ്​ രജത്​ ശർമ ​അസോസിയേഷനിലെ ഗ്രൂപ്പ്​ വഴക്കുകളെത്തുടർന്ന്​ രാജിവെച്ചിരുന്നു​. പ്രസിഡൻറ്,​ ട്രഷറർ, നാലു ഡയറക്​ടർമാർ അടക്കം ആറു ഒഴിവുകളിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

അരുൺ ജയ്​റ്റ്​ലി ബി.സി.സി.ഐ വൈസ്​ പ്രസിഡൻറായും ഡൽഹി ക്രിക്കറ്റ്​ അസോസിയേഷൻ പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്​. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ മകൻ ജയ്​ ഷാ നിലവിൽ ബി.സി.സി.​ഐ സെക്രട്ടറിയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.