രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് എലീറ്റ് എ ഗ്രൂപ്പിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ കേരളത്തിന് എട്ട് വിക്കറ്റ് ജയം. രോഹൻ കുന്നുമ്മലിന്റെ അതിവേഗ സെഞ്ച്വറിയുടെയും സചിൻ ബേബിയുടെ ബാറ്റിങ് കരുത്തിലുമാണ് കേരളം വിലപ്പെട്ട ജയം സ്വന്തമാക്കിയത്.
അവസാന ദിനം കേരളത്തിന് 214 റൺസായിരുന്നു ലക്ഷ്യം. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 35.4 ഓവറിൽ കേരളം വിജയം സ്വന്തമാക്കി. രോഹൻ കുന്നുമ്മൽ (87 പന്തിൽ 106*), ക്യാപ്റ്റൻ സചിൻ ബേബി (76 പന്തിൽ 62), സൽമാൻ നിസാർ (30 പന്തിൽ 28) എന്നിവർ അതിവേഗം റൺസെടുത്തപ്പോൾ ഗുജറാത്ത് സമനില പ്രതീക്ഷിച്ച മത്സരം കേരളം കൈപിടിയിലൊതുക്കുകയായിരുന്നു.
ആദ്യ ഇന്നിങ്സിലും സെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മലാണ് കളിയിലെ താരം. സ്കോർ: ഗുജറാത്ത് - 388, 264. കേരളം - 439, 214/2.
മൂന്നാം ദിനം അവസാനിക്കുമ്പോൾ ഗുജറാത്തിന്റെ രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റുകൾ 128 റൺസിനിടെ വീണിരുന്നു. നാലം ദിനം 136 റൺസ് കൂടി ചേർക്കാനെ കേരള ബൗളർമാർ അനുവദിച്ചുള്ളൂ. ജലജ് സക്സേന നാലും സിജോമോൻ ജോസഫ് മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റുകൾ വീഴ്ത്തി. നിധീഷിനാണ് ഒരു വിക്കറ്റ്.
സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കേരളം വിജയം നേടുന്നത്. എലീറ്റ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ മേഘാലയെ കേരളം തോൽപ്പിച്ചിരുന്നു. രണ്ടു കളികളിൽനിന്ന് 13 പോയിന്റുമായി കേരളം എലീറ്റ് ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തെത്തി. 13 പോയിന്റുള്ള മധ്യപ്രദേശ് റൺറേറ്റിലെ നേരിയ മുൻതൂക്കത്തോടെ ഒന്നാം സ്ഥാനത്തുണ്ട്. അടുത്ത മത്സരത്തിൽ കരുത്തരായ മധ്യപ്രദേശാണ് കേരളത്തിന്റെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.