ന്യൂയോർക്: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം മഴമൂലം വീണ്ടും തടസ്സപ്പെട്ടു. ഇന്ത്യ ഒരോവറിൽ എട്ട് റൺസെടുത്തു നിൽക്കെയാണ് മഴയെത്തിയത്. ആറു പന്തിൽ എട്ടു റൺസുമായി നായകൻ രോഹിത് ശർമയും റണ്ണൊന്നും എടുക്കാതെ വിരാട് കോഹ്ലിയുമാണ് ക്രീസിൽ.
ഷഹീൻ അഫ്രീദിയാണ് പാകിസ്താനായി സ്പെൽ ഓപ്പൺ ചെയ്തത്. മൂന്നാം പന്ത് രോഹിത് സിക്സ് പറത്തി. നേരത്തെ, മഴമൂലം ടോസിടാനും വൈകിയിരുന്നു. ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽനിന്ന് ഒരു മാറ്റവുമായാണ് പാകിസ്താൻ കളത്തിലിറങ്ങുന്നത്. മോശം ഫോമിന്‍റെ പേരിൽ വിമർശനം ഏറ്റുവാങ്ങിയ അസം ഖാനു പകരം ഇമാദ് വസീം ടീമിലെത്തി. അയർലൻഡിനെതിരെ കളിച്ച ടീമിനെ തന്നെയാണ് പാകിസ്താനെതിരെയും ഇന്ത്യ കളിപ്പിക്കുന്നത്.
ന്യൂയോർക്കിലെ നസ്സാവു കൗണ്ടി ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ കളിയിൽ അയർലൻഡിനെ ആധികാരികമായി തോൽപ്പിച്ചാണ് രോഹിത് ശർമ നയിക്കുന്ന ഇന്ത്യയുടെ വരവ്. പുതുമുഖങ്ങളും ആതിഥേയരുമായ യു.എസ്.എയോട് തോറ്റതിന്റെ ക്ഷീണം കുറക്കാനാകും ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ ശ്രമിക്കുക.
പ്രവചനാതീതമായ പിച്ച് കൂടിയാകുമ്പോൾ അമേരിക്കൻ മണ്ണിൽ വീറുറ്റ പോര് ഉറപ്പാണ്. മഴ പെയ്യാൻ 51 ശതമാനം സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു. ഈ ലോകകപ്പിൽ ആദ്യമായി ഗാലറി നിറയുന്ന മത്സരം കൂടിയാണിത്. 34,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ വിറ്റുതീർന്നു.
പന്ത് ഏതു വഴിക്കും പോകുന്ന അപകടകരമായ പിച്ചാണ് നസ്സാവുവിലേത്. മഴ കൂടി പെയ്തതോടെ ബാറ്റിങ് കൂടുതൽ ദുഷ്കരമാകും. മൂന്ന് മത്സരങ്ങളിൽ രണ്ട് ടീമുകൾ മാത്രമാണ് ടീം സ്കോർ നൂറു കടത്തിയത്. മുൻ താരങ്ങളടക്കം ഈ പിച്ചിനെ രൂക്ഷമായാണ് വിമർശിച്ചത്. പിച്ചിനെതിരായ ആരോപണം ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലും (ഐ.സി.സി) സമ്മതിക്കുന്നുണ്ട്.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.
ടീം പാകിസ്താൻ: ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ, ഉസ്മാൻ ഖാൻ, ഫഖർ സമാൻ, ശദബ് ഖാൻ, ഇഫ്തിഖാർ അഹ്മദ്, ഇമാദ് വസീം, ഷഹീൻ അഫ്രീദി, ഹരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് അമീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.