ഐ.സി.സി ടെസ്റ്റ് ടീമിൽ രോഹിത്തിനും കോഹ്‌ലിക്കും ഇടമില്ല; ഏകദിന ടീമിനെ രോഹിത് നയിക്കും

ദുബൈ: ഐ.സി.സിയുടെ 2023ലെ ട്വന്റി 20 ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ടെസ്റ്റ് ടീമിനെയും ഏകദിന ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമിൽ ഇന്ത്യയിൽ നിന്ന് ഇടം പിടിച്ചത് രണ്ടുതാരങ്ങൾ മാത്രം. സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിക്കും ഇന്ത്യൻ നായകൻ രോഹിത് ശർമക്കും ഇടമില്ലാത്ത ഇലവനിൽ ആൾറൗണ്ടർമാരായ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയുമാണ് സ്ഥാനമുറപ്പിച്ചത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ചൂടിയ ഓസീസ് ടീമിന്റെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ഐ.സി.സി ടെസ്റ്റ് ടീമിന്റെ നായകൻ. നാല് ആസ്ട്രേലിയൻ താരങ്ങൾകൂടി ടീമിൽ ഇടം നേടി. ഇംഗ്ലണ്ടിൽ നിന്നും രണ്ടും ശ്രീലങ്ക, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്ന് ഒരോ താരങ്ങളും ടീമിൽ ഇടം നേടി.

ഇത് ആറാം തവണയാണ് രവിചന്ദ്ര അശ്വിൻ ഐ.സി.സി ടെസ്റ്റ് ടീമിൽ ഇടം കണ്ടെത്തുന്നത്. ഏറ്റവും കൂടുതൽ തവണ ടീം ഓഫ് ദി ഇയറിന്റെ ഭാഗമായ ഇന്ത്യൻ താരവും അശ്വിനാണ്. മൂന്ന് തവണ ഇടം നേടിയ സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, വിരാട് കോഹ്ലി, എം.എസ് ധോണി എന്നിവരാണ് അശ്വിന് പിന്നിൽ.

അതേസമയം, ഐ.സി.സി ഏകദിന ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യൻ നായകൻ രോഹിത് ശർമയെയാണ് തെരഞ്ഞെടുത്തത്. രോഹിത് ഉൾപ്പെടെ ആറ് ഇന്ത്യക്കാർ ടീമിൽ ഇടം നേടി. സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി, ശുഭ്മാൻ ഗിൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവരാണ് ഇടം നേടിയത്.

ഐ.സി.സി ട്വന്റി 20 ടീമിനെ നയിക്കുന്നത് ഇന്ത്യയുടെ സൂര്യകുമാർ യാദവാണ്. ഓപണർ യശസ്വി ജയ്സ്വാൾ, സ്പിന്നർ രവി ബിഷ്‍ണോയ്, പേസർ അർഷ്ദീപ് സിങ് എന്നിവർ ടീമിൽ ഇടം നേടി.

ഐ.സി.സി ടെസ്റ്റ് ടീം

പാറ്റ് കമ്മിന്‍സ് (ആസ്‌ട്രേലിയ-ക്യാപ്റ്റന്‍), ഉസ്മാന്‍ ഖവാജ (ആസ്‌ട്രേലിയ), ദിമുത് കരുണരത്‌നെ(ശ്രീലങ്ക), കെയ്ന്‍ വില്യംസണ്‍ (ന്യൂസിലൻഡ്) , ജോ റൂട്ട് (ഇംഗ്ലണ്ട്), ട്രാവിസ് ഹെഡ് (ആസ്ട്രേലിയ), രവീന്ദ്ര ജഡേജ( ഇന്ത്യ), അലക്‌സ് കാരി (ആസ്‌ട്രേലിയ-വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍ (ഇന്ത്യ), മിച്ചല്‍ സ്റ്റാര്‍ക് (ആസ്‌ട്രേലിയ) , സ്റ്റുവര്‍ട്ട് ബ്രോഡ് (ഇംഗ്ലണ്ട്).

ഐ.സി.സി ഏകദിന ടീം

രോഹിത് ശർമ (ക്യാപ്റ്റൻ, ഇന്ത്യ), ശുഭ്മാൻ ഗിൽ (ഇന്ത്യ), ട്രാവിസ് ഹെഡ് (ആസ്‌ട്രേലിയ), വിരാട് കോഹ്‌ലി (ഇന്ത്യ), ഡാരിൽ മിച്ചൽ (ന്യൂസിലൻഡ്), ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പർ, ദക്ഷിണാഫ്രിക്ക) , മാർക്കോ ജാൻസൻ (ദക്ഷിണാഫ്രിക്ക), ആദം സാമ്പ (ആസ്‌ട്രേലിയ), മുഹമ്മദ് സിറാജ് (ഇന്ത്യ), കുൽദീപ് യാദവ് (ഇന്ത്യ), മുഹമ്മദ് ഷമി (ഇന്ത്യ)

Tags:    
News Summary - Rohit, Kohli out of ICC Test squad; Rohit will lead the ODI team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.