ദുബൈ: ഇന്ത്യൻ പ്രീമിയർലീഗ് ചരിത്രത്തിൽ ഏതെങ്കിലും ഒരു ടീമിനെതിരെ 1000 റൺസ് തികക്കുന്ന ആദ്യ താരമെന്ന റെക്കോഡ് നേട്ടം മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ സ്വന്തമാക്കി. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിൽ വ്യക്തിഗത സ്കോർ 12ലെത്തി നിൽക്കേയായിരുന്നു രോഹിത്തിന്‍റെ റെക്കോഡ് നേട്ടം. കെ.കെ.ആറിനെതിരെ 34 മത്സരങ്ങളിൽ നിന്നാണ് ഹിറ്റ്മാൻ 1000 റൺസ് തികച്ചത്.
പഞ്ചാബ് കിങ്സിനെതിരെ മാത്രം 943 റണ്‍സ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ആസ്ട്രേലിയൻ താരം ഡേവിഡ് വാര്‍ണറാണ് ഇക്കാര്യത്തിൽ രോഹിത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്ത്. കൊല്‍ക്കത്തക്കെതിരെ വാര്‍ണർ 915 റണ്‍സ് നേടിയിട്ടുണ്ട്.
ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും പട്ടികയിലുണ്ട്. ഡൽഹി കാപിറ്റൽസിൻെതിരെ 909 റൺസുമായി കോഹ്ലി മൂന്നാമതാണ്. ചെന്നൈക്കെതിരെ മാത്രം കോഹ്ലി 895 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്.
ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കളിക്കാതിരുന്ന രോഹിത്ത് കൊൽക്കത്തക്കെതിരായ മത്സരത്തിൽ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ആയിരുന്നു തുടങ്ങിയത്. 33 റൺസെടുത്ത രോഹിത്ത് സുനിൽ നരെയ്ന്റെ പന്തിൽ ശുഭ്മാൻ ഗില്ലിന് പിടികൊടുത്ത് പുറത്തായി.
ക്വിന്‍റൺ ഡികോക്കിന്‍റെ (55) മികവിൽ ആദ്യം ബാറ്റുചെയ്ത മുംബൈ ആറുവിക്കറ്റിന് 155 റൺസ് ചേർത്തു. ത്രിപാഠിയുടെയും (42 പന്തിൽ 74 നോട്ടൗട്ട്) വെങ്കിയുടെയും (30 പന്തിൽ 53) വെടിക്കെട്ട് ബാറ്റിങ് മികവിൽ 15.1ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത ലക്ഷ്യത്തിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.