തകർന്നുപോയി, ഷോക്കില്‍നിന്ന് കരകയറിവരുന്നേയുള്ളു...; ലോകകപ്പ് ഫൈനൽ തോൽവിയിൽ ആദ്യമായി പ്രതികരിച്ച് രോഹിത്

മുംബൈ: ലോകകപ്പ് ഫൈനലിലെ തോൽവിയിൽ ആദ്യമായി പ്രതികരിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഷോക്കിൽനിന്ന് കരകയറാൻ പാടുപെട്ടതായി ഹിറ്റ്മാൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലാണ് താരം മനസ്സ് തുറന്നത്. ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയയോട് പരാജയപ്പെട്ടത് താങ്ങാനാവുന്നതിന് അപ്പുറമായിരുന്നുവെന്നും രോഹിത് അഭിപ്രായപ്പെട്ടു.

ഫൈനലിൽ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ലീഗ് റൗണ്ടിലെ ഒമ്പതു മത്സരങ്ങളും ആധികാരികമായി ജയിച്ച് സെമിയിൽ ന്യൂസിലൻഡിനെ തോൽപിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. സ്വന്തം നാട്ടിൽ ഇന്ത്യ മൂന്നാം ലോക കിരീടം നേടുമെന്ന വലിയ പ്രതീക്ഷയിലായിരുന്ന ആരാധകരും ക്രിക്കറ്റ് ലോകവും. എന്നാൽ, ഫൈനലിൽ ഓസീസിനു മുന്നിൽ ഇന്ത്യൻ പ്രതീക്ഷകൾ തകർന്നടിഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്‍റി20, ഏകദിന പരമ്പരകളിൽ രോഹിത് കളിക്കുന്നില്ല. എന്നാൽ, ടെസ്റ്റ് ടീമിനൊപ്പം രോഹിത് ചേരും. കുടുംബത്തോടൊപ്പം ലണ്ടനിലായിരുന്ന താരം കഴിഞ്ഞദിവസമാണ് നാട്ടിൽ മടങ്ങിയെത്തിയത്. ഇതിനിടെ ഏകദിന തോൽവിയിൽ താരം ഒന്നും പ്രതികരിച്ചിരുന്നില്ല.

‘തോൽവിയുടെ ആഘാതത്തിൽനിന്ന് എങ്ങനെ കരകയറുമെന്ന് ആദ്യ ദിവസങ്ങളിൽ എനിക്കറിയില്ലായിരുന്നു. എന്റെ കുടുംബവും സുഹൃത്തുക്കളുമാണ് എന്നെ മുന്നോട്ട് കൊണ്ടുപോയത്, അവർ കാര്യങ്ങൾ ലളിതമാക്കി, അവരുടെ സാന്നിധ്യം വളരെ സഹായകരമായി. ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള കാര്യമായിരുന്നത്. പക്ഷേ ജീവിതത്തില്‍ മുന്നോട്ട് പോകണം. ഏകദിന ലോകകപ്പ് മത്സരങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഏകദിന കിരീടം നേടിയെടുക്കാനാണ് ഞങ്ങള്‍ ഇത്രയും നാള്‍ ശ്രമിച്ചത്. ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കില്‍ അത് വളരെയധികം നിരാശയുണ്ടാക്കും. സ്വപ്‌നം കണ്ടത് നഷ്ടപ്പെട്ടപ്പോള്‍ വലിയ ആഘാതമായി’ -രോഹിത് പറഞ്ഞു.

‘ടീമിനെ കുറിച്ചോർത്ത് അഭിമാനിക്കുന്നു, മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എല്ലാ ലോകകപ്പിലും നിങ്ങൾക്ക് ഇത്തരത്തിൽ പ്രകടനം നടത്താൻ കഴിയില്ല. ഫൈനല്‍ വരെയുള്ള ഇന്ത്യയുടെ പ്രകടനത്തില്‍ ആരാധകര്‍ക്ക് മതിപ്പുണ്ടായിരുന്നു. എല്ലാവരും ടീമിനെ ആത്മാര്‍ഥമായി പിന്തുണച്ചു. എന്നാല്‍ ഫൈനലില്‍നിന്നേറ്റ ഷോക്കില്‍ നിന്ന് തിരിച്ചുകയറാന്‍ പാടുപെട്ടു. അതുകൊണ്ടുതന്നെയാണ് ഒരു ഇടവേളയെടുക്കാനും യാത്ര നടത്താനും താല്‍പര്യം തോന്നിയത്’ -രോഹിത് കൂട്ടിച്ചേർത്തു.

അടുത്ത വർഷം ജൂണിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിലും ടീം ഇന്ത്യയെ രോഹിത്ത് തന്നെ നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ടീമിൽ മുതിർന്ന താരങ്ങളായ രോഹിത്തിനു പുറമെ, ബുംറയും ഇടംപിടിക്കും. എന്നാൽ, സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയുടെ കാര്യം സംശയത്തിലാണ്.

Tags:    
News Summary - Rohit Sharma Breaks Silence On 2023 ODI World Cup Heartbreak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.