ലോകകപ്പ് നേട്ടത്തിന് പിന്നാലെ ബാർബഡോസ് പിച്ചിലെ മണ്ണ് തിന്ന് രോഹിത്

ബാർബഡോസ്: ഇന്ത്യയുടെ ലോകകപ്പ് നേട്ടം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ. ബാർബഡോസിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഫൈനൽ കളിച്ച സ്റ്റേഡിയത്തിലെ പിച്ചിൽ നിന്നും മണ്ണെടുത്ത് തിന്നായിരുന്നു രോഹിത്തിന്റെ ആഘോഷം. ഐ.സി.സിയാണ് രോഹിത്തിന്റെ മണ്ണ് തീറ്റയുടെ വിഡിയോ പുറത്ത് വിട്ടത്. മത്സരത്തിന് ശേഷം രോഹിത് ട്വന്റി 20 കരിയർ അവസാനിപ്പിക്കുകയും ചെയ്തു.

ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ തുടർന്നും ഇന്ത്യക്കായി കളിക്കുമെന്ന് രോഹിത് അറിയിച്ചു. ട്വന്റി 20യോട് വിടപറയാൻ ഇതിനേക്കാൾ മികച്ച സമയമില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു.

ഇത് എന്റെ അവസാനമത്സരമാണ്. ആദ്യമത്സരം മുതൽ തന്നെ ട്വന്റി 20യിൽ താൻ ആസ്വദിച്ചാണ് കളിക്കുന്നത്. മത്സരത്തിലെ ഓരോ നിമിഷവും താൻ ആസ്വദിച്ചിരുന്നു. ലോകകപ്പ് ജയിക്കുക എന്നതായിരുന്നു തന്റെ ആഗ്രഹം. അത് സാധിച്ചിരിക്കുകയാണെന്നും രോഹിത് പറഞ്ഞു.

അവസാന ഓവർ വരെ നീണ്ട ത്രീല്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ട്വന്‍റി20 ലോക കിരീടത്തിൽ മുത്തമിട്ടത്. കൈവിട്ട മത്സരം അവസാന ഓവറുകളിൽ ഇന്ത്യൻ പേസർമാർ തിരിച്ചുപിടിക്കുകയായിരുന്നു.

ഒരു ഐ.സി.സി കിരീടത്തിനായുള്ള 11 വർഷത്തെ ഇന്ത്യയുടെ കാത്തിരിപ്പാണ് രോഹിത്തും സംഘവും അവസാനിപ്പിച്ചത്. വിരാട് കോഹ്ലിയുടെ അർധ സെഞ്ച്വറിയുടെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 2007ലെ പ്രഥമ ട്വന്‍റി20 ലോകകപ്പിലാണ് ഇന്ത്യ ഇതിനു മുമ്പ് കിരീടം നേടിയത്. 2014ൽ ഫൈനലിലെത്തിയെങ്കിലും ശ്രീലങ്കയോട് തോറ്റു.


Tags:    
News Summary - Rohit Sharma Eats Sand From Barbados Pitch After India's T20 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.