മുംബൈ: ട്വന്‍റി20 ലോകകപ്പ് കിരീടവുമായി ക്ഷേത്രദർശനം നടത്തി ഇന്ത്യൻ നായകൻ രോഹിത് ശർമയും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായും. ബുധനാഴ്ചയാണ് ഇരുവരും മുംബൈയിലെ പ്രസിദ്ധമായ സിദ്ധിവിനായക് ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയത്. പ്രത്യേക പൂജകളും പ്രാർഥനകളും നടത്തി.
നിരവധി സെലിബ്രിറ്റികള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണിത്. പിങ്ക് നിറത്തിലുള്ള ഷാളണിഞ്ഞ് ഇരുവരും ക്ഷേത്രത്തിനകത്ത് നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ജൂൺ 29ന് ട്വന്‍റി20 ലോക കിരീടം നേടിയതിലൂടെ ഒരു ഐ.സി.സി ട്രോഫിക്കായുള്ള ഇന്ത്യയുടെ 11 വർഷത്തെ കാത്തിരിപ്പാണ് രോഹിത്തും സംഘവും അവസാനിപ്പിച്ചത്. ടൂർണമെന്‍റിലുടനീളം ഗംഭീര പ്രകടനം നടത്തിയ ഇന്ത്യ, ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തകര്‍ത്താണ് രണ്ടാം ട്വന്‍റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
2007ലാണ് ഇതിനു മുമ്പ് ട്വന്‍റി20 ലോകകപ്പിൽ കിരീടം നേടിയത്. പിന്നാലെ ഇന്ത്യയിൽ മടങ്ങിയെത്തിയ താരങ്ങൾക്ക് ഗംഭീര വരവേൽപ്പാണ് രാജ്യം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വസതിയില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് മുംബൈയില്‍ നടന്ന റോഡ് ഷോയിലും വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന സ്വീകരത്തിലും ആയിരങ്ങളാണ് പങ്കെടുത്തത്. കിരീട നേട്ടത്തിനു പിന്നാലെ രോഹിത്തും സൂപ്പർതാരം വിരാട് കോഹ്ലിയും ട്വന്‍റി20 ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.