ബാർബഡോസ്: വിരാട് കോഹ്‍ലിക്ക് പിന്നാലെ ട്വന്റി 20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ തുടർന്നും ഇന്ത്യക്കായി കളിക്കുമെന്ന് രോഹിത് അറിയിച്ചു. ട്വന്റി 20യോട് വിടപറയാൻ ഇതിനേക്കാൾ മികച്ച സമയമില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു.
ഇത് എന്റെ അവസാനമത്സരമാണ്. ആദ്യമത്സരം മുതൽ തന്നെ ട്വന്റി 20യിൽ താൻ ആസ്വദിച്ചാണ് കളിക്കുന്നത്. മത്സരത്തിലെ ഓരോ നിമിഷവും താൻ ആസ്വദിച്ചിരുന്നു. ലോകകപ്പ് ജയിക്കുക എന്നതായിരുന്നു തന്റെ ആഗ്രഹം. അത് സാധിച്ചിരിക്കുകയാണെന്നും രോഹിത് പറഞ്ഞു.
2007 ട്വന്റി 20 ലോകകപ്പിലാണ് രോഹിത് ശർമ്മ ആദ്യമായി ഇന്ത്യൻ ജേഴ്സിയണിയുന്നത്. പക്ഷേ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ രോഹിതിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. പിന്നീട് ദക്ഷിണാഫ്രിക്കക്കെതിരായ കളിയിൽ അർധ സെഞ്ച്വറി അടിച്ചാണ് രോഹിത് കുട്ടിക്രിക്കറ്റിലേക്കുള്ള വരവറിയിച്ചത്.
ഇതുവരെ 159 ട്വന്റി 20 മത്സരങ്ങളിൽ രോഹിത് ഇന്ത്യൻ ജേഴ്സിയണിഞ്ഞിട്ടുണ്ട്. 32.05 ശരാശരിയോടെ 4231 റൺസാണ് രോഹിത് അടിച്ചെടുത്തത്. 121 ആണ് ഉയർന്ന സ്കോർ. 2021 നവംബറിലാണ് ഇന്ത്യൻ ട്വന്റി 20 ക്യാപ്റ്റനായുള്ള രോഹിതിന്റെ അരങ്ങേറ്റം. ഇതുവരെ രോഹിതിന് കീഴിൽ കളിച്ച 50 മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചിട്ടുണ്ട്.
ഈ ലോകകപ്പിലും മികച്ച പ്രകടനമാണ് രോഹിത് നടത്തിയത്. 156.7 സ്ട്രൈക്ക് റേറ്റോടെ 257 റൺസാണ് താരത്തിന്റെ സമ്പാദ്യം. അയർലാൻഡ്, ആസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾക്കെതിരായ മത്സരങ്ങളിൽ അർധ സെഞ്ച്വറിയും രോഹിത് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.