കേൾക്കുന്നതെല്ലാം വ്യാജം; ട്വന്‍റി20 ലോകകപ്പ് ടീമിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ തള്ളി രോഹിത്

മുംബൈ: ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങളായി പലവിധ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ടീമിൽ പരിചയസമ്പന്നരായ താരങ്ങൾക്ക് മുൻതൂക്കം ലഭിക്കും, ഓപ്പണിങ്ങിൽ രോഹിത് ശർമക്കൊപ്പം സൂപ്പർ താരം വിരാട് കോഹ്ലിയെ പരീക്ഷിക്കും...ഇങ്ങനെ പോകുന്നു റിപ്പോർട്ടുകൾ.

കഴിഞ്ഞയാഴ്ച മുംബൈയിലെ ബി.സി.സി.ഐ ആസ്ഥാനത്ത് ലോകകപ്പ് ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രോഹിത്തും പരിശീലകൻ രാഹുൽ ദ്രാവിഡും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും കൂടിക്കാഴ്ച നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, പുറത്തുവരുന്ന വാർത്തകളെല്ലാം വ്യാജമാണെന്നാണ് രോഹിത് പറയുന്നത്. പുറത്തുവരുന്ന അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും വിശ്വസിക്കരുതെന്നും ഹിറ്റ്മാൻ ആരാധകരോട് ആവശ്യപ്പെട്ടു.

അഗാർക്കർ ദുബൈയിൽ ഗോൾഫ് കളിക്കുകയാണെന്നും ദ്രാവിഡ് ബംഗളൂരുവിൽ മകന് ക്രിക്കറ്റ് പരിശീലനം നൽകുകയാണെന്നും രോഹിത് വ്യക്തമാക്കി. ‘ഞാൻ ആരെയും കണ്ടിട്ടില്ല. അജിത് അഗാർക്കർ ദുബൈയിൽ എവിടെയോ ഗോൾഫ് കളിക്കുന്നുണ്ട്. രാഹുൽ ദ്രാവിഡ് ബംഗളൂരുവിൽ മകന്‍റെ കളി കാണുകയാണ്. ഞാനോ, ദ്രാവിഡോ, അജിത്തോ, ബി.സി.സി.ഐയുമായി ബന്ധപ്പെട്ട ആരെങ്കിലുമോ പറയാത്ത കാര്യങ്ങളെല്ലാം വ്യാജമാണ്’ -രോഹിത് പറഞ്ഞു. ജൂണിൽ യു.എസിലും വെസ്റ്റിൻഡീസിലുമായാണ് ട്വന്‍റി20 ലോകകപ്പ് നടക്കുന്നത്. ടീം പ്രഖ്യാപിക്കാനുള്ള അവസാന തീയതി മേയ് ഒന്നാണ്.

ഹാർദിക് പാണ്ഡ്യ ഐ.പി.എല്ലിൽ സ്ഥിരതയോടെ പന്തെറിഞ്ഞാൽ മാത്രമേ താരത്തെ ലോകകപ്പ് സ്ക്വാഡിലേക്ക് എടുക്കുകയുള്ളുവെന്നും ഇതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ കർശന നിർദേശം നൽകിയിരുന്നതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. ലോകകപ്പിനു ഒരു മാസം മുമ്പായി 15 അംഗ ടീമിനെ പ്രഖ്യാപിക്കേണ്ടതുണ്ട്. കൂടാതെ, അഞ്ച് സ്റ്റാൻഡ് ബൈ താരങ്ങളെയും ഉൾപ്പെടുത്താനാകും.

Tags:    
News Summary - Rohit Sharma rubbishes reports of T20 World Cup selection meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.