ന്യൂയോർക്ക്: ട്വന്റി20 ലോകകപ്പിൽ ആദ്യ മത്സരത്തിലെ തകർപ്പൻ ജയത്തോടൊപ്പം റെക്കോർഡുകളും സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. അയർലൻഡിനെതിരായ മത്സരത്തിൽ 37 പന്തിൽ 52 റൺസ് നേടിയ രോഹിത് തോളിന് പരിക്കേറ്റ് ക്രീസ് വിടുകയായിരുന്നു. നാലു ഫോറും മൂന്ന് സിക്സും ഉൾപ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.
കഴിഞ്ഞ ദിവസം മൂന്ന് സിക്സറുകൾ കൂടി നേടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 600 സിക്സുകൾ നേടുന്ന ആദ്യ താരമെന്ന നേട്ടം രോഹിത് സ്വന്തം പേരിലാക്കി. 553 സിക്സുമായി വെസ്റ്റിൻഡീസ് മുൻ താരം ക്രിസ് ഗെയിലാണ് രണ്ടാമത്. കാപ്റ്റനെന്ന നിലയിൽ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ജയത്തിലെത്തിക്കുന്നതാരമെന്ന എം.എസ്. ധോണിയുടെ റെക്കോർഡ് രോഹിത് മറികടന്നു. ടീമിനെ നയിച്ച 55 മത്സരങ്ങളിൽ 42 വിജയമാണ് രോഹിത്തിന്റെ പേരിലുള്ളത്. 72 മത്സരങ്ങളിൽ 41 ജയമാണ് ധോണിയുടെ പേരിലുള്ളത്.
അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ ഏറ്റവും വേഗത്തിൽ 4000 റൺസ് കണ്ടെത്തുന്ന താരമെന്ന നേട്ടവും ഇനി രോഹിത്തിന് സ്വന്തം. 2860 പന്തുകളിൽനിന്നാണ് താരം 4000 റൺസ് തികച്ചത്. 2022ൽ 4000 റൺസ് തികച്ച സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് ഇതിനായി 2900 പന്തുകൾ നേരിടേണ്ടിവന്നു. പട്ടികയിൽ മൂന്നാമതുള്ള പാക് കാപ്റ്റൻ ബാബർ അസം 3081 പന്തുകളിൽനിന്നാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.
ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രോഹിത് കുട്ടിക്രിക്കറ്റിൽ ഇതുവരെ 4026 റൺസാണ് നേടിയിട്ടുള്ളത്. അയർലൻഡിനെതിരെ ഒരു റൺസ് മാത്രം നേടി പുറത്തായ കോഹ്‌ലിയാണ് ഏറ്റവും വലിയ റൺവേട്ടക്കാരൻ - 4038 റൺസ്. മൂന്നാമതുള്ള ബാബർ അസം 4023 റൺസ് നേടിയിട്ടുണ്ട്. അയർലൻഡിനെതിരെ നേടിയ അർധ സെഞ്ച്വറിയോടെ ട്വന്റി20 ലോകകപ്പിൽ 1000 റൺസ് നേടുന്ന മൂന്നാമത്തെ താരമാകാനും രോഹിത്തിനായി. കോഹ്‌ലി, ശ്രീലങ്കയുടെ മഹേള ജയവർധനെ എന്നിവരാണ് രോഹിത്തിനു മുൻപ് ഈ നേട്ടത്തിലെത്തിയത്.
ലോകകപ്പിൽ ഒൻപതിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 12ന് യു.എസിനെയും 15ന് കാനഡയെയും നേരിടും. നാല് ഗ്രൂപ്പായി നടക്കുന്ന ടൂർണമെന്റിൽ, ഓരോഗ്രൂപ്പിൽനിന്നും മികച്ച രണ്ട് ടീമുകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കും. നിലവിൽ ഗ്രൂപ്പ് എയിൽ ഒന്നാമതാണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.