മുംബൈ: ഐ.പി.എൽ മെഗാ താരലേലം നടക്കാനിരിക്കെ ടീമുകൾ ഏതൊക്കെ താരങ്ങളെ നിലനിർത്തുമെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ഓരോ ടീമുകൾക്കും നിലനിർത്താനാകുന്ന താരങ്ങളുടെ എണ്ണവുമായി ബന്ധപ്പെട്ട മാർഗനിർദേശം ഇതുവരെ ബി.സി.സി.ഐ പുറത്തുവിട്ടിട്ടില്ല.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നിലവിൽ സ്ക്വാഡിലുള്ള ആറു താരങ്ങളെ വരെ ഫ്രാഞ്ചൈസികൾക്ക് ടീമിൽ നിലനിർത്താനാകുമെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ പല പ്രമുഖരെയും ടീമുകൾക്ക് ഒഴിവാക്കേണ്ടി വരും. എട്ടു താരങ്ങളെ വരെ നിലനിർത്താൻ അനുവദിക്കണമെന്ന് ടീം മാനേജ്മെന്‍റുകൾ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടീമുകൾ ഒഴിവാക്കാൻ സാധ്യതയുള്ള പല സൂപ്പർതാരങ്ങളുടെയും പേരുകൾ പുറത്തുവരുന്നുണ്ട്. ഇന്ത്യൻ നായകൻ രോഹിത് ശർമ മുംബൈ ഇന്ത്യൻസ് വിടുമെന്ന റിപ്പോർട്ടുകളാണ് ഇതിൽ പ്രധാനം.
ഹാർദിക് പാണ്ഡ്യയുടെ നായകനായുള്ള മടങ്ങിവരവോടെ മുംബൈ ടീമിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. കഴിഞ്ഞ സീസണിൽ പോയന്‍റ് ടേബിളിൽ അവസാന സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്. രോഹിത് മുംബൈ വിടുകയാണെങ്കിൽ ലേലത്തിൽ കടുത്ത മത്സരം നടക്കുന്നതും ഹിറ്റ്മാന് വേണ്ടിയാകും. പലരും താരത്തെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ നേരത്തെ തന്നെ നടത്തിയിരുന്നു. അഭിഷേക് നായരുമായി സംസാരിക്കുന്നതിനിടെ മുംബൈയിൽ ഇത് തന്‍റെ അവസാന സീസണാകുമെന്ന് താരം പറയുന്ന ഓഡിയോ പുറത്തുവന്നിരുന്നു.
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ വരാനിരിക്കുന്ന ഐ.പി.എല്ലിൽ രോഹിത് പുതിയ ടീമിനൊപ്പമാകും കളിക്കുക. കെ.എൽ. രാഹുൽ ലഖ്നോ സൂപ്പർ ജയന്‍റ്സ് വിടുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ട്. താരത്തിന്‍റെ ക്യാപ്റ്റൻസിക്കെതിരെ ടീം ഉടമ തന്നെ രംഗത്തുവന്നിരുന്നു. താരം ഏറെ നാളായി ഇന്ത്യയുടെ ട്വന്‍റി20 ടീമിനും പുറത്താണ്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ് താരത്തിനായി രംഗത്തുള്ളത്.
കഴിഞ്ഞ സീസണിൽ നിറംമങ്ങിയ നായകൻ ഫാഫ് ഡുപ്ലെസിസിനെ ബംഗളൂരു ഒഴിവാക്കും. 40 വയസ്സുള്ള ദക്ഷിണാഫ്രിക്കൻ താരത്തിന്‍റെ ട്വന്‍റി20 കാലം കഴിഞ്ഞെന്നാണ് മാനേജ്മെന്‍റ് വിലയിരുത്തൽ. പകരം പുതിയൊരു വിദേശ താരത്തെ ടീമിലെത്തിക്കാനാണ് ബംഗളൂരു നീക്കം. നായകനെയും കണ്ടത്തേണ്ടി വരും. 14.25 കോടി രൂപക്ക് ടീമിലെത്തിച്ച ഓസീസ് താരം ഗ്ലെൻ മാക്‌സ്‌വെല്ലും കഴിഞ്ഞ സീസണിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. താരത്തെയും ഇത്തവണ ടീം കൈവിടും. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തുമോ എന്ന കാര്യത്തിലും ആരാധകരുടെ ആകാംക്ഷ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.