രോഹിത് ശർമ

വിശ്രമിക്കാനുള്ള തീരുമാനം മാറ്റി രോഹിത്; ലങ്കക്കെതിരെ ഇന്ത്യയെ നയിക്കുമെന്ന് റിപ്പോർട്ട്

മുംബൈ: ഇന്ത്യൻ നായകൻ രോഹിത് ശർമ വിശ്രമിക്കാനുള്ള തീരുമാനം പിൻവലിച്ച്, ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ടീമിനൊപ്പം ചേരുമെന്ന് റിപ്പോർട്ട്. അടുത്ത മാസം നടക്കുന്ന പരമ്പരയിൽനിന്ന് രോഹിത്തിനു പുറമെ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുമ്ര എന്നിവർ വിട്ടുനിൽക്കുമെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. കെ.എൽ. രാഹുലാകും ലങ്കക്കെതിരെ ഇന്ത്യയെ നയിക്കുകയെന്നും ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാൽ പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെ നിർദേശ പ്രകാരം രോഹിത് തിരികെ വരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അടുത്ത വർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രേഫിക്ക് മുന്നോടിയായി ഇന്ത്യ ആറ് ഏകദിന മത്സരങ്ങൾ മാത്രമേ കളിക്കുന്നുള്ളൂ. ടീമിനെ അടുത്ത ചാമ്പ്യൻഷിപ്പിനായി ഒരുക്കേണ്ടതുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചാണ് രോഹിത്തിനെ തിരികെ വിളിച്ചതെന്നാണ് വിവരം. രോഹിത്തിന്റെ നായകത്വത്തിൽ തന്നെ അവശേഷിക്കുന്ന മത്സരങ്ങൾ കളിക്കണമെന്ന് ഗംഭീർ നിർദേശിച്ചതായി സൂചനയുണ്ട്. അതേസമയം കോഹ്‌ലിക്കും ബുമ്രക്കും വിശ്രമം നൽകും. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയിൽ ഗംഭീറിന്റെ ആദ്യ പരമ്പര കൂടിയാണിത്.

ട്വന്റി20 ലോകകപ്പിനു പിന്നാലെ കുട്ടിക്രിക്കറ്റിൽനിന്ന് രോഹിത്തും കോഹ്‌ലിയും പിന്നാലെ രവീന്ദ്ര ജദേജയും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ ഇവർ തുടരും. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും രോഹിത് തന്നെയാകും ഇന്ത്യയെ നയിക്കുകയെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് രണ്ട് മുതൽ ഏഴ് വരെയാണ് കൊളംബോയിൽ ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പര അരങ്ങേറുന്നത്. മൂന്ന് മത്സരങ്ങളാണുള്ളത്. ഇതിന് മുന്നോടിയായി മൂന്ന് മത്സര ട്വന്റി20 പരമ്പരയുമുണ്ട്.

ട്വന്റി20 ടീമിന്റെ പുതിയ ക്യാപ്റ്റൻ ആരാകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നേരത്തെ സാധ്യതകൾ കൽപിച്ചിരുന്ന ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി നിയോഗിക്കാൻ ടീം മാനേജ്മെന്റിന് താൽപര്യമില്ലെന്നാണ് നിലവിൽ പുറത്തുവരുന്ന സൂചനകൾ. യുവതാരം സൂര്യകുമാർ യാദവിനെ നായക സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് വിവരം. ഫിറ്റ്നസ് സംബന്ധിച്ച ആശങ്കകളാണ് ഹാർദിക്കിന് തിരിച്ചടിയായത്. 2026ൽ ട്വന്റി20 ലോകകപ്പ് വരാനിരിക്കെ ഇത് മുന്നിൽക്കണ്ടുകൊണ്ടാവും പുതിയ ക്യാപ്റ്റനെ നിയമിക്കുക. കഴിഞ്ഞ വർഷം ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ നടന്ന പരമ്പരയിൽ സൂര്യകുമാറായിരുന്നു ക്യാപ്റ്റൻ. 

Tags:    
News Summary - Rohit Sharma To Captain India In Sri Lanka ODIs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.