ബി.സി.സി.ഐക്കെതിരെ ആർ.എസ്.എസ്; ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര നിർത്തിവെക്കണമെന്ന്; വെട്ടിലായി ജയ് ഷായും സംഘവും

ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര നിർത്തിവെക്കണമെന്ന ആവശ്യവുമായി ആർ.എസ്.എസും രംഗത്തുവന്നതോടെ വെട്ടിലായി ബി.സി.സി.ഐ.

ആർ.എസ്.എസിന്‍റെ മുതിർന്ന നേതാവ് രത്തൻ ശാരദയാണ് പരമ്പര നിർത്തിവെക്കണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായാണ് ബി.സി.സി.ഐ സെക്രട്ടറി. ‘ഹിന്ദു പോസ്റ്റ്’ എന്ന പേരിലുള്ള എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് സംഘടനയുടെ വക്താവ് കൂടിയായ രത്തൻ പരമ്പര നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്നത്.

ഷെയ്ഖ് ഹസീന സർക്കാറിനെ പുറത്താക്കിയതിനുശേഷം ആ രാജ്യത്ത് ഹിന്ദുക്കളുടെ വംശഹത്യ നടക്കുമ്പോൾ ബംഗ്ലാദേശുമായി ക്രിക്കറ്റ് കളിക്കുന്നത് മനുഷ്യത്വരഹിതവും നിരുത്തരവാദപരവുമാണെന്ന് അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്. ജയ് ഷായുടെ ചിത്രവും വിഡിയോയിൽ ഒന്നിലധികം തവണ കാണിക്കുന്നുണ്ട്. ചെന്നൈയിലെ ചൊപ്പോക്ക് സ്റ്റേഡിയത്തിൽ വ്യാഴാഴ്ചയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിച്ചത്. രാവിലെ പരമ്പര നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് ചെന്നൈയിലെ സ്റ്റേഡിയത്തിനു മുന്നിൽ ഹിന്ദു മക്കൾ കക്ഷിയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

രണ്ടു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഈമാസം 27 മുതൽ ഒക്ടോബർ ഒന്നുവരെ കാൺപൂരിലാണ് രണ്ടാമത്തെ ടെസ്റ്റ് നടക്കുന്നത്. രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി ആസ്ട്രേലിയ അഫ്ഗാനിസ്ഥാനെതിരെ കളിക്കാൻ വിസമ്മതിച്ചതും വർണ വിവേചന നയത്തിന്‍റെ ഭാഗമായി ദക്ഷിണാഫ്രിക്കയെ 21 വർഷം ക്രിക്കറ്റിൽനിന്നു വിലക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ബംഗ്ലാദേശിനെതിരെ പരമ്പര കളിക്കാനുള്ള ബി.സി.സി.ഐ തീരുമാനത്തിലും കേന്ദ്രം അനുമതി നൽകിയതിലും ഒരു വിഭാഗം ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾക്കിടയിൽ അമർഷമുണ്ട്.

എന്നാൽ, മുതിർന്ന നേതാവിന്‍റെ മകൻ ബി.സി.സി.ഐ തലപ്പത്തുള്ളതിനാൽ പലരും പരസ്യമായ വിമർശനം ഉന്നയിക്കാൻ മടിക്കുകയാണ്. നേരത്തെ, കേന്ദ്ര സർക്കാറിനെയും ബി.സി.സി.ഐയെയും ശിവസേന നേതാവ് ആദിത്യ താക്കറെ വിമർശിച്ചിരുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നതിനെ കുറിച്ച് സമൂഹമാധ്യമങ്ങളിലടക്കം വാർത്തകൾ കാണുന്നു. ഇത് സത്യമാണെങ്കിൽ ബംഗ്ലാദേശ് പരമ്പരക്ക് ആരാണ് അനുമതി നൽകിയതെന്നും ആദിത്യ ചോദിച്ചു.

Tags:    
News Summary - RSS Leader Slams BCCI, Appeals To Call Off India vs Bangladesh Test Series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.