ഗെയ്ക് വാദിന് സെഞ്ച്വറി, ദുബെക്ക് അർധ സെഞ്ച്വറി; ചെന്നൈക്കെതിരെ ലഖ്നോവിന് 211 റൺസ് വിജയലക്ഷ്യം

ചെന്നൈ: നായകൻ ഋതുരാജ് ഗെയ്ക് വാദിന്റെ തകർപ്പൻ സെഞ്ച്വറിയുടെയും ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ച്വറിയുടെയും (66) ബലത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. ഗെയ്ക് വാദ് 60 പന്തിൽ 12 ഫോറും മൂന്ന് സിക്സറും സഹിതം 110 റൺസെടുത്ത് പുറത്താകാതെ നിന്നു. 27 പന്തിൽ ഏഴു സിക്സും മൂന്ന് ഫോറുമുൾപ്പെടെയാണ് ദുബൈ 66 റൺസെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നാല് റൺസെടുക്കുന്നതിനിടെ ഓപണർ അജിങ്കെ രഹാനെയെ (1) നഷ്ടമായി. മാറ്റ് ഹെൻറി പന്തിൽ വിക്കറ്റിന് പിന്നിൽ രാഹുൽ പിടിച്ചു പുറത്താക്കുയായിരുന്നു. തുടർന്നെത്തിയ ഡാരിൽ മിച്ചൽ(11) യാഷ് ഠാക്കൂറിന് വിക്കറ്റ് നൽകി മടങ്ങി. നോൺ സ്ട്രൈക്കിങ് എൻഡിൽ വിക്കറ്റ് വീഴുമ്പോഴും നായകൻ ഗെയ്ക് വാദ് വെടിക്കെട്ട് മൂഡിലായതോടെ അതിവേഗം സ്കോറുയർന്നു. രവീന്ദ്ര ജദേജയെ കൂട്ടുപിടിച്ച് 12ാമത്തെ ഓവറിൽ സ്കോർ 100 കടത്തി.

താളം കണ്ടെത്താതെ വിഷമിച്ച ജദേജ 19 പന്തിൽ 17 റൺസെടുത്ത് മുഹ്സിൻ ഖാന്റെ പന്തിൽ പുറത്തായി. എന്നാൽ ശിവം ദുബെ ക്രീസിലെത്തിയതോടെ കളിമാറി. തകർത്തടിച്ച് തുടങ്ങിയ ദുബെ ഗെയ്ക് വാദിന് മികച്ച പിന്തുണയേകി. യാഷ് ഠാക്കൂർ എറിഞ്ഞ 16ാമത്തെ ഓവറിൽ ഹാട്രിക് സിക്സടിച്ച ശിവം ദുബൈ ടീം സ്കോർ 150 കടത്തി.

18ാമത്തെ ഓവറിൽ യാഷ് ഠാക്കൂറിനെ തുടരെ തുടരെ സിക്സും ഫോറുമടിച്ച് ഋതുരാജ് ഗെയ്ക് വാദ് ഐ.പി.എല്ലിൽ തന്റെ രണ്ടാമത്തെ സെഞ്ച്വറി പൂർത്തിയാക്കി. 56 പന്തിലാണ് സെഞ്ച്വറി നേടിയത്. തൊട്ടടുത്ത ഓവറിൽ മുഹ്സിൻ ഖാനെ സിക്സർ പറത്തി ശിവം ദുബെ അർധ സെഞ്ച്വറി പൂർത്തിയാക്കി. 21 പന്തിൽ ആറ് സിക്സും മൂന്ന് ഫോറും ഉൾപ്പെടെയാണ് അർധ ശതകം. മാർകസ് സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിൽ ദുബെ (66) റണ്ണൗട്ടാകുകയായിരുന്നു. അവസാന പന്ത് നേരിട്ട എം.എസ് ധോണി ഫോറടിച്ച് ഇന്നിങ്സ് അവസാനിപ്പിച്ചു.

Tags:    
News Summary - Ruturaj Gaikwad, Shivam Dube half-century; 211 runs target for Lucknow against Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.