മഹേന്ദ്ര സിങ് ധോണി, ഋതുരാജ് ഗെയ്ക്ക്‍വാദ്

ചെന്നൈക്ക് ‘തല’മാറ്റം, നായകസ്ഥാനത്തുനിന്ന് ധോണി പടിയിറങ്ങി; ക്യാപ്റ്റനായി ഇനി ഋതുരാജ് ഗെയ്ക്ക്‍വാദ്

ചെന്നൈ: ​ഐ.പി.എൽ ചരിത്രത്തെ തന്റെ നായകത്വം കൊണ്ട് വർണാഭമാക്കിയ മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ പദവിയിൽനിന്ന് പടിയിറങ്ങി. 2022ലെ ചെറിയ ഇടവേളയിലൊഴികെ ഐ.പി.എൽ തുടങ്ങിയ കാലം മുതൽ ചെന്നൈക്കാരുടെ അഭിമാന നായകനായ ധോണിക്കുപകരം ഇനി ഋതുരാജ് ഗെയ്ക്ക്‍വാദ് ടീമിനെ നയിക്കും. കളിയുടെ മുഴുവൻ പോരാട്ടവേദികളിലുമായി ചെന്നൈ സൂപ്പർ കിങ്സ് ഇതുവരെ കളത്തിലിറങ്ങിയ 249 മത്സരങ്ങളിൽ 235ലും ടീമിനെ മാതൃകാപരമായി നയിച്ചത് ക്രിക്കറ്റ് കണ്ട അതിസമർഥരായ നായകരിലൊരാളായി പേരെടുത്ത ധോണിയായിരുന്നു. ഇക്കാലയളവിൽ മൊത്തം അഞ്ച് ഐ.പി.എൽ കിരീടങ്ങളുടെ തിളക്കം സൂപ്പർകിങ്സിന്റെ പീതവർണത്തിനൊപ്പം ചേർത്തുവെച്ചാണ് നായകസ്ഥാനത്തുനിന്ന് ‘തല’ പടിയിറങ്ങുന്നത്. 

ഐ.പി.എൽ 2024ൽ ​റോയൽ ചല​ഞ്ചേഴ്സ് ബംഗളൂരുവുമായാണ് ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ മത്സരം. ഈ മത്സരം മുതൽ നായകസ്ഥാനത്ത് ധോണിയുഗത്തിന് അവസാനമാകും. കളത്തിൽ മുന്നിൽനിന്ന് നയിച്ചിരുന്ന നായകൻ ഇനി വിക്കറ്റിനുപിന്നിലെ റോളിലേക്കൊതുങ്ങും. ‘തല’മാറ്റത്തിനൊപ്പം തലമുറ മാറ്റത്തിനും വേദിയൊരുക്കി 27കാരനായ ഗെയ്ക്ക്‍വാദിന് ധോണി ഔദ്യോഗികമായി നായകസ്ഥാനം കൈമാറി.

2008 മുതൽ ചെന്നൈയെ നയിച്ചിരുന്ന ധോണി, 2022ൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. പകരമെത്തിയ രവീ​ന്ദ്ര ജദേജ അമ്പേ പരാജയമായതോടെ വീണ്ടും നായകനായി ധോണി തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ധോണി ചെന്നൈയെ കിരീടത്തിലെത്തിക്കുകയും ചെയ്തു. 2016, 2017 സീസണുകളിൽ ഐ.പി.എല്ലിൽ ചെന്നൈക്ക് നിരോധനമേർപ്പെടുത്തിയപ്പോൾ താൽകാലികമായി കൂടുമാറിയെത്തിയശേഷം റൈസിങ് പുണെ സൂപ്പർജയന്റ്സിനെ നയിച്ചത് ധോണിയായിരുന്നു.

2023ലെ കിരീടനേട്ടം ധോണിയുടെ ഐ.പി.എൽ കരിയറിന് തിരശ്ശീല വീഴ്ത്തുമെന്ന് കരുതിയവർ ഏറെയായിരുന്നു. 2019 ലോകകപ്പ് നേട്ടത്തിന് പിന്നാലെയാണ് താരം രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. എന്നാൽ, ഐ.പി.എല്ലിൽ ശാരീരിക ക്ഷമത മോശമായില്ലെങ്കിൽ ഒരു സീസൺ കൂടി കളത്തിലിറങ്ങാനായിരുന്നു ധോണിയുടെ തീരുമാനം. 2023 സീസണിൽ കാൽമുട്ടിനേറ്റ പരിക്ക് ധോണിയെ അലട്ടിയിരുന്നു. ഫൈനലിനുപിന്നാലെ താരം ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു​.

42കാരനായ ധോണി ഈ മാസം ആദ്യമാണ് പരിശീലനത്തിനായി ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ചേർന്നത്. മഹാരാഷ്ട്രക്കാരനായ ഗെയ്ക്ക്‍വാദിന് ധോണിയുടെ പിന്മുറക്കാരനായി ചെന്നൈയെ വിജയങ്ങളിലേക്ക് നയിക്കുകയെന്നത് വെല്ലുവിളിയാവും. 2021ൽ തന്റെ രണ്ടാമത് ഐ.പി.എല്ലിൽ 635 റൺസടിച്ച് ടോപ്സ്കോററായ ഗെയ്ക്ക്‍വാദ് ചെന്നൈയുടെ സ്ഥിരതയുള്ള ബാറ്റ്സ്മാനായി പേരെടുത്തിട്ടുണ്ട്. ഇന്ത്യക്കുവേണ്ടി ആറ് ഏകദിനങ്ങളിലും 19 ട്വന്റി20 മത്സരങ്ങളിലും പാഡണിഞ്ഞു.

Tags:    
News Summary - Ruturaj Gaikwad takes over from MS Dhoni as CSK captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.