തിരുവനന്തപുരം: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 5000 റൺസ് മറികടന്ന് സച്ചിൻ ബേബി. വെള്ളിയാഴ്ച കളി ആരംഭിക്കുമ്പോൾ 5000 റൺസ് തികക്കാൻ 57 റൺസായിരുന്നു വേണ്ടിയിരുന്നത്. പന്തുകൾ കുത്തിക്കറങ്ങുന്ന പിച്ചിൽ ശ്രദ്ധയോടെ വംഗനാട്ടുകാരെ നേരിട്ട ഈ 35കാരൻ രാജകീയമായി തന്നെ വീരോചിത നേട്ടം ആഘോഷിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 89ാം മത്സരത്തിലാണ് താരം മിന്നും നേട്ടം സ്വന്തമാക്കിയത്. 23 അർധ സെഞ്ച്വറികളും സച്ചിന്റെ പേരിലുണ്ട്. ഈ സീസണിൽ അസമിനെതിരെ 131ഉം ബീഹാറിനെതിരെ 109ഉം നേടിയ സച്ചിന്, ഛത്തീസ്ഗണ്ഡിനെതിരെ വിരലിലെണ്ണാവുന്ന റൺസിനാണ് ഇരു ഇന്നിങ്സിലും സെഞ്ച്വറി നഷ്ടമായത്. ഇതോടെ ഈ സീസണിൽ മൂന്ന് സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമായി ചേതേശ്വർ പൂജാരയെ മറികടന്ന് റൺവേട്ടക്കാരുടെ പട്ടികയിൽ സച്ചിൻ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ആറ് മത്സരങ്ങളിൽനിന്ന് 652 റൺസാണ് ഇതുവരെ കേരളതാരം നേടിയത്. 679 റൺസ് നേടിയ തമിഴ്നാടിന്റെ എൻ. ജഗദീശനാണ് ഒന്നാമത്. 648 റൺസുമായി പൂജാര സച്ചിന് പിന്നിലുണ്ട്. ആഭ്യന്തരതലത്തിൽ 10,000 റൺസെന്ന നേട്ടവും കേരളതാരം സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.