വിമാനത്തിനുള്ളിലെ രണ്ടു ഫ്രെയിമിൽ ക്രിക്കറ്റ് ഇതിഹാസങ്ങൾ; അപൂർവചിത്രം പങ്കുവെച്ച് സചിൻ

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെയെല്ലാം ഒരുമിച്ച് കാണുന്നത് ഏതൊരു ക്രിക്കറ്റ് ആരാധകന്‍റെയും സ്വപ്നമായിരിക്കും. എന്നാൽ, ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളെയെല്ലാം ഒരു വിമാനയാത്രയിലെ രണ്ടു ചിത്രങ്ങളിൽ ഒന്നിപ്പിച്ച് ആരാധകർക്ക് അപൂർവ ചിത്രം സമ്മാനിച്ചിരിക്കുകയാണ് മാസ്റ്റർ ബ്ലാസ്റ്റർ സചിൻ തെണ്ടുൽകർ.

ചിത്രങ്ങൾ ട്വിറ്ററിൽ താരം പങ്കുവെച്ചു. ക്രിക്കറ്റിലെ ഇതിഹാസങ്ങളെല്ലാം നേർക്കുനേർ ഏറ്റുമുട്ടുന്ന വേദിയാണ് റോഡ് സേഫ്റ്റി വേൾഡ് സിരീസ്. ക്രിക്കറ്റിൽനിന്ന് വിരമിച്ച സൂപ്പർ താരങ്ങളുടെ പോരാട്ടമായ ടൂർണമെന്റിന്റെ രണ്ടാം പതിപ്പിന് കഴിഞ്ഞ ശനിയാഴ്ചയാണ് കാൺപൂരിൽ തുടക്കമായത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന മുൻ താരങ്ങളെല്ലാം ഒരേ വിമാനത്തിൽ സഞ്ചരിക്കുന്നതിന്‍റെ രണ്ടു ചിത്രങ്ങളാണ് സചിൻ പങ്കുവെച്ചത്.

കാൺപൂരിൽനിന്ന് അടുത്ത വേദിയായ ഇൻഡോറിലേക്കുള്ള യാത്രക്കിടയിലുള്ളതാണ് ചിത്രങ്ങൾ. 'ഈ ചിത്രത്തിൽ എത്ര അന്താരാഷ്ട്ര റൺസും വിക്കറ്റുമുണ്ടെന്ന് പറയാമോ?' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ മുൻനിരയിൽ യുവരാജ് സിങ്ങിനൊപ്പമാണ് സചിൻ ഇരിക്കുന്നത്. പിന്നിൽ, ഓസിസ് താരങ്ങളായിരുന്ന ബ്രെറ്റ് ലീ, ഷെയിൻ വാട്‌സൻ, മുൻ ന്യൂസിലൻഡ് പേസർ ഷെയിൻ ബോണ്ട് ഉൾപ്പെടെ വലിയ താരനിര തന്നെയുണ്ട്.

ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ലെജൻഡ്‌സിനെ നയിക്കുന്നത് സചിനാണ്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റിൻഡീസ്, ആസ്‌ട്രേലിയ, ശ്രീലങ്ക, ന്യൂസിലൻഡ്, ഇംഗ്ലണ്ട് ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. കാൺപൂർ, ഇൻഡോർ, ഡെറാഡൂൺ, റായ്പൂർ എന്നീ നാലു നഗരങ്ങളാണ് മത്സരങ്ങൾക്ക് വേദിയാകുന്നത്.

ആദ്യ സെമി ഈ മാസം 28നും രണ്ടാം സെമി 29നും റായ്പൂരിൽ നടക്കും. ഒക്ടോബർ ഒന്നിനാണ് ഫൈനൽ. ലൂസേഴ്സ് ഫൈനലുമുണ്ടാകും. ഇർഫാൻ പത്താൻ, യൂസുഫ് പത്താൻ, ഹർഭജൻ സിങ്, മുനാഫ് പട്ടേൽ തുടങ്ങിയ താരങ്ങളെല്ലാം ഇന്ത്യ ലെജൻഡ്‌സിൽ കളിക്കുന്നുണ്ട്.

Tags:    
News Summary - Sachin Tendulkar Travels With Greats In Same Flight, Shares Epic Photos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.