ദക്ഷിണാഫ്രിക്കയിൽ എങ്ങനെ തിളങ്ങാം‍; ഇന്ത്യൻ ബാറ്റേർസിന് മാസ്റ്റർ ഉപദേശവുമായി സചിൻ

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിലെ ബാറ്റിങ് നിരയ്ക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍. ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ ഫ്രണ്ട് ഫൂട്ടില്‍ കളിക്കാനാണ് സച്ചിന്‍റെ ഉപദേശം. ദക്ഷിണാഫ്രിക്കയില്‍ ആക്രമിച്ച് കളിക്കുക പ്രയാസമാണ്. പ്രതിരോധത്തിലൂന്നി ഇന്നിങ്‌സ് കെട്ടിപ്പടുക്കുകയാണ് വേണ്ടത്. അതിന് സാധിക്കുന്ന താരനിര ഇന്ത്യക്കുണ്ടെന്നും പ്രശസ്ത സ്പോർട് ജേണലിസ്റ്റ് ബോറിയ മജുംദറിന് നൽകിയ അഭിമുഖത്തിൽ സച്ചിൻ പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് മികച്ച തുടക്കം ലഭിക്കേണ്ടതായുണ്ട്. രാഹുല്‍ ദ്രാവിഡിന്‍റെ ഉപദേശങ്ങള്‍ ഇന്ത്യയുടെ പ്രതിരോധത്തിലെ പിഴവുകള്‍ തിരുത്തുമെന്നുറപ്പാണ്. ചേതേശ്വര്‍ പൂജാരയുടെ പ്രകടനം ഇന്ത്യക്ക് നിർണായകമാവും. ക്ഷമയോടെ ക്രീസില്‍ നിന്ന് ഇന്നിങ്‌സ് കെട്ടിപ്പടുക്കണം. രോഹിത് ശർമയുടെയും രവീന്ദ്ര ജഡേജയുടെയും അഭാവം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

''കൈകൾ എപ്പോഴും ശരീരത്തിനടുത്ത് തന്നെ വേണം. (ബാറ്റ് ചെയ്യുമ്പോൾ) എപ്പോൾ നിങ്ങളുടെ കൈകൾ ശരീരത്തിൽ നിന്ന് അകന്ന് പോകുന്നുവോ അപ്പോഴാണ് നിങ്ങളുടെ നിയന്ത്രണം സാവധാനം നഷ്ടമാകാൻ തുടങ്ങുന്നത്. മുന്‍ കാല്‍ പ്രതിരോധത്തെ പറ്റി ഞാനെപ്പോഴും പറയാറുള്ളത് തന്നെയാണ്. ദക്ഷിണാഫ്രിക്കയിൽ ഫ്രണ്ട് ഫൂട്ട് ഡിഫൻസാകും ഗതി നിർണ്ണയിക്കുക. ആദ്യ 25 ഓവറില്‍ അത് വളരെ പ്രധാനപ്പെട്ടതാണ്'' -സചിൻ പറഞ്ഞു.

അവസാന ഇംഗ്ലണ്ട് പര്യടനത്തില്‍ രോഹിത് ശര്‍മ-കെ.എല്‍. രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് നടത്തിയ ഗംഭീര പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു സചിന്‍റെ വാക്കുകൾ. ദക്ഷിണാഫ്രിക്കയിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ മികച്ച റെക്കോഡുള്ള താരമാണ് സചിൻ. 1992, 1996, 2001, 2006, 2010 വർഷങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയ ടീമുകളിൽ സചിൻ ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ 10 സെഞ്ചുറികളും സചിൻ നേടിയിട്ടുണ്ട്. 

Tags:    
News Summary - Sachin Tendulkar's Front Foot Advice For India Batters To Tackle South Africa Pacers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.