ഐ.പി.എല്ലിൽ അതിവേഗം 1000 റൺസ്; സചിന്‍റെ റെക്കോഡ് മറികടന്ന് സായ് സുദർശൻ

അഹ്മദാബാദ്: ഐ.പി.എല്ലിൽ അതിവേഗം 1000 റൺസ് നേടുന്ന ഇന്ത്യൻ താരമായി ഗുജറാത്ത് ടൈറ്റൻസിന്‍റെ സൂപ്പർ ബാറ്റർ സായ് സുദർശൻ. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറെയാണ് താരം മറികടന്നത്.

അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 25 ഇന്നിങ്സുകളിൽനിന്നാണ് 22കാരൻ ഐ.പി.എല്ലിൽ 1000 റൺസ് പിന്നിട്ടത്. സചിൻ 31 ഇന്നിങ്സുകളിലാണ് 1000 റൺസിലെത്തിയത്. മൊത്തത്തിൽ ഐ.പി.എല്ലിൽ അതിവേഗം 1000 റൺസ് പൂർത്തിയാക്കിയവരിൽ മുൻ ഓസീസ് താരം മാത്യു ഹെയ്ഡനൊപ്പം മൂന്നാമതാണ് ഈ തമിഴ്നാട്ടുകാരൻ. ചെന്നൈ താരം ഡാരിൽ മിച്ചൽ എറിഞ്ഞ 12ാം ഓവറിൽ രണ്ടു ഫോറടക്കം ഒമ്പത് റൺസ് നേടിയാണ് സായ് സുദർശൻ 1000 ക്ലബിലെത്തിയത്.

സായിയും ശുഭ്മൻ ഗില്ലും ചേർന്ന് ഒന്നാം വിക്കറ്റിൽ നേടിയ 210 റൺസാണ് ഗുജറാത്തിന് മികച്ച സ്കോറിലെത്തിച്ചത്. ഇരുവരും സെഞ്ച്വറി നേടി. 51 പന്തിൽ ഏഴു സിക്സും അഞ്ചു ഫോറുമടക്കം 103 റൺസെടുത്താണ് സായ് സുദർശൻ പുറത്തായത്. നായകൻ ഗിൽ 55 പന്തിൽ 104 റൺസെടുത്തു. ആറു സിക്സും ഒമ്പത് ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.

നടപ്പ് ഐ.പി.എൽ സീസണിൽ സുദർശന്‍റെ റൺ സമ്പാദ്യം 527 ആയി. 12 മത്സരങ്ങളിൽനിന്ന് ഒരു സെഞ്ച്വറിയും രണ്ടു അർധ സെഞ്ച്വറിയും ഉൾപ്പെടെയാണിത്. 141.28 ആണ് സ്ട്രൈക്ക് റേറ്റ്. ഗുജറാത്തിനായി സീസണിൽ 500 റൺസ് നേടുന്ന ആദ്യ താരം കൂടിയാണ്.

Tags:    
News Summary - Sai Sudharsan Shatters Sachin Tendulkar's Record During GT vs CSK Clash In Ahmedabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.