കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായി മുൻ ക്യാപ്റ്റൻ സനത് ജയസൂര്യയെ നിയമിച്ചു. ക്രിസ് സിൽവർവുഡ് രാജിവെച്ചതിനെ തുടർന്നാണ് ഇടക്കാല നിയമനം.
ഇന്ത്യക്കെതിരെ വരാനിരിക്കുന്ന എകദിന, ട്വന്റി 20 പരമ്പരക്ക് മുന്നോടിയായാണ് ജയസൂര്യയെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവന്നത്. ജൂലൈ 27 നാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി 20യുമാണ് പരമ്പരയിലുള്ളത്.
ട്വന്റി 20 ലോകകപ്പിൽ ഉൾപ്പെടെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ സമീപകാലത്തെ മോശം ഫോമിനെ തുടർന്ന് പരിശീലകൻ സിൽവർവുഡ് സ്ഥാനമൊഴിഞ്ഞിരുന്നു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരത്തിൽ മാത്രമാണ് ലങ്കക്ക് ജയിക്കാനായത്.
ഈ പ്രതിസന്ധി മറികടക്കാനാണ് മുൻ സൂപ്പർതാരത്തിന്റെ സഹായം തേടുന്നത്. നിലവിൽ ശ്രീലങ്കൻ ക്രിക്കറ്റിന്റെ മുഴുവൻ സമയ കൺസൾട്ടാന്റായാണ് ജയസൂര്യ പ്രവർത്തിക്കുന്നത്. അതിനോടപ്പം തന്നെയാണ് പുതിയചുമതല കൂടി ഏറ്റെടുക്കുന്നത്. 2024 സെപ്തംബറിൽ ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനം അവസാനിക്കും വരെയായിരിക്കും ജയസൂര്യ തുടരുകയെന്നാണ് റിപ്പോർട്ട്. തങ്ങൾ ഒരു ശാശ്വതപരിഹാരം കണ്ടെത്തുന്നത് വരെ ദേശീയ ടീമിനെ ജയസൂര്യ നയിക്കുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് സി.ഇ.ഒ ആഷ് ലി ഡിസിൽവ പറഞ്ഞു.
ശ്രീലങ്കക്ക് വേണ്ടി എല്ലാ ഫോർമാറ്റിലുമായി 586 മത്സരങ്ങളിലുമായി 21,032 റൺസും 440 വിക്കറ്റുകളും നേടിയിട്ടുള്ള താരമാണ് ജയസൂര്യ. തൻ്റെ കാലഘട്ടത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണിങ് ബാറ്റർമാരിൽ ഒരാളായിരുന്ന ജയസൂര്യ മുമ്പ് ശ്രീലങ്ക ക്രിക്കറ്റിൽ (എസ്.എൽ.സി) സെലക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.