'ഉറപ്പിച്ചോളൂ, വിരാട് അടുത്ത അഞ്ച് വർഷവും ടെസ്റ്റിൽ കളിക്കും..സചിന് സാധിച്ചത് പോലെ രോഹിത്തിനും വേണമെങ്കിൽ സാധിക്കും'; സഞ്ജയ് ബംഗാർ

ഇന്ത്യയുടെ ഇതിഹാസ താരം വിരാട് കോഹ്ലി ഇനിയും ഒരു അഞ്ച് വർഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി ടെസ്റ്റ് കളിക്കുമെന്ന് ടീമിന്‍റെ മുൻ ബാറ്റിങ് കോച്ചായ സഞ്ജയ് ബംഗാർ. 35 വയസുകാരനായ വിരാട് കോഹ്ലി ഈ വർഷം ട്വന്റി-20 ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിനാണ് താൻ ഏറ്റവും പ്രാധാന്യം നൽകുന്നതെന്ന് വിരാട് കോഹ്ലി നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യക്കായി ഇതുവരെ 113 ടെസ്റ്റ് മത്സരത്തിൽ നിന്നും 49.14 ശരാശരിയിൽ നിന്നും 8,848 റൺസ് വിരാട് കോഹ്ലി നേടിയിട്ടുണ്ട്. 29 സെഞ്ച്വറിയും ടെസ്റ്റ് മത്സരത്തിൽ വിരാട് കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്.

വിരാട് അവസാനമായി നിർത്തുന്ന കളി ടെസ്റ്റ് ക്രിക്കറ്റ് ആയിരിക്കുമെന്നും ഒരു അഞ്ച് വർഷമെങ്കിലും ടെസ്റ്റ് മത്സരം അദ്ദേഹം കളിക്കുമെന്നും ബംഗാർ പറഞ്ഞു.

'താരങ്ങളുടെ കരിയർ നീളുകയാണ്. അതിനിടയിൽ ഇന്ത്യക്ക് ഇത് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കാം. വിരാട് കോഹ്ലിയുടെ ശരീരപ്രകൃതി വെച്ച് വിരാട് കോഹ്ലി അവസാനം വിരമിക്കുന്ന ഫോർമാറ്റ് ടെസ്റ്റ് ക്രിക്കറ്റ് ആയിരിക്കണം. അത് കാരണം ഒരു അഞ്ച് വർഷത്തോളം ടെസ്റ്റ് ക്രിക്കറ്റിൽ സജീവമാകാൻ വിരാട് കോഹ്ലിക്ക് സാധിക്കും,' ബംഗാർ പറഞ്ഞു.

സചിൻ ടെണ്ടുൽക്കറും രാഹുൽ ദ്രാവിഡും 40 വയസുവരെ കളിച്ചത് പോലെ രോഹിത് ശർമക്കും വേണമെങ്കിൽ സാധിക്കുമെന്ന് ബംഗാർ പറയുന്നു.

'രോഹിത്തിനെ അദ്ദേഹത്തിന്‍റെ ശരീരവും ഫിറ്റന്സും സമ്മതിക്കുന്ന കാലത്തോളം കളിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അത്രയും ക്വാളിറ്റിയുള്ള കളിക്കാരനാണ് രോഹിത്. സചിനും, ദ്രാവിഡുമൊക്കെ 40 വയസുവരെ ക്രിക്കറ്റ് കളിച്ചവരാണ്. നിലവിലുള്ള ഫിറ്റ്നസ് നിലവാരവും കളിക്കാരെ സഹായിക്കുന്ന പ്രൊഫഷണൽസുമെല്ലാം വെച്ച് രോഹിത്തിന് 40 വയസുവരെ കളിക്കാവുന്നതാണ്. ന്യൂട്രീഷെനിസ്റ്റുകൾ വരെ ഇപ്പോൾ താരങ്ങളെ സഹായിക്കുന്നുണ്ട്,' ബംഗാർ പറഞ്ഞു.

വിരാടിനൊപ്പം രോഹിത് ശർമയും ട്വന്‍റി-20യിൽ നിന്നും വിരമിച്ചിരുന്നു.


Tags:    
News Summary - sanjay bangar says virat kohli will play test cricket for another five years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.