ഇനിയും പുറത്തിരുത്താനാവില്ലെന്ന് പ്രഖ്യാപിച്ച് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ കയറി വന്നിരിക്കുന്നു, ഇന്ത്യൻ ക്രിക്കറ്റ് ട്വന്റി20 ടീമിലേക്ക്
‘ഞാൻ കളിക്കാനാണ് വെള്ളം ചുമക്കാനല്ലെ’ന്ന് പണ്ട് സൗരവ് ഗാംഗുലി, ക്യാപ്റ്റൻ അസ്ഹറുദ്ദീനോട് കൗണ്ടറടിച്ചപോലെ സഞ്ജു സാംസൺ എന്ന തീരദേശവാസി പയ്യന് കഴിയില്ലായിരുന്നു. കാരണം അവൻ ക്രിക്കറ്റ് കളിക്കാൻ പഠിച്ചത് ഗോഡ്ഫാദർമാരില്ലാത്ത പിച്ചിലായിരുന്നു. അതുകൊണ്ട് പലപ്പോഴും വെള്ളം ചുമക്കാൻ വേണ്ടി മാത്രം അയാൾ ഇന്ത്യൻ ടീമിലെത്തി. ഗംഭീര ഫോമിൽ നിൽക്കുമ്പോഴും സ്വന്തം നാട്ടുകാരുടെ ആരവങ്ങൾക്കിടയിലൂടെ ടീമംഗങ്ങൾക്കായി വെള്ളം ചുമന്ന് അയാൾ ഗ്രീൻഫീൽഡിൽ ഓടിയിട്ടുണ്ട്.
ഒടുവിൽ, സൈറ്റ് സ്ക്രീൻ കൊണ്ട് ഈ സൂര്യനെ മറയ്ക്കാനൊക്കില്ലെന്ന് പ്രഖ്യാപിച്ച് അവൻ വന്നിരിക്കുന്നു, ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിനുള്ള ദേശീയ ടീമിലേക്ക്. പാഡുകെട്ടിയ കാലം മുതൽ ഇന്ത്യൻ ക്രിക്കറ്റിൽ അവഗണനയുടെ ക്രീസിലായിരുന്നു എന്നും സഞ്ജു.
ഡൽഹിയിലെ സെലക്ഷൻ ട്രയൽസുകളിൽ മകൻ തുടർച്ചയായി അവഗണിക്കപ്പെടുന്നതിൽ മനം മടുത്താണ്, 13 വയസ്സുള്ള സഞ്ജുവുമായി അച്ഛൻ സാംസൺ വിശ്വനാഥ് ഡൽഹി പൊലീസിലെ ജോലി ഉപേക്ഷിച്ച് തിരുവനന്തപുരത്തെത്തുന്നത്. ആ തീരുമാനം ശരിയാണെന്ന് തെളിയിച്ച് 14ാം വയസ്സിൽ സഞ്ജു കേരള രഞ്ജി ടീമിൽ. പിന്നീടുള്ളതെല്ലാം ചരിത്രം.
ഐ.പി.എൽ പ്രകടനങ്ങൾ ഒരുവിഭാഗം താരങ്ങൾക്ക് മാത്രം ദേശീയ ടീമിലേക്കുള്ള വാതിലായപ്പോൾ സഞ്ജുവിനത് സംഭവിച്ചില്ല. പലപ്പോഴും പ്രധാന താരങ്ങൾ മാറിനിൽക്കുമ്പോൾ മാത്രം സഞ്ജുവിന് ദേശീയ ടീമിൽ അവസരം ലഭിച്ചു. രാജസ്ഥാൻ റോയൽസ് പോലൊരു ഐ.പി.എൽ ടീം ക്യാപ്റ്റനായിട്ടും ഇതുതന്നെയായിരുന്നു അയാളുടെ അവസ്ഥ.
2015 ജൂലൈയിൽ സിംബാബ്വെക്കെതിരെ സഞ്ജു ഇന്ത്യക്കായി ട്വന്റി20യിൽ അരങ്ങേറിയിരുന്നു. പക്ഷേ, ഇതുവരെ കളിച്ചത് 25 രാജ്യാന്തര ട്വന്റി20 മത്സരങ്ങളും 15 ഏകദിനങ്ങളും മാത്രം. ഐ.പി.എല്ലിൽ വർഷങ്ങൾ തിളങ്ങിയിട്ടും ഐ.സി.സിയുടെ ഒരു പരമ്പരയിലും ടീം ഇന്ത്യ സഞ്ജുവിനെ കളിപ്പിച്ചില്ല. ഇക്കഴിഞ്ഞ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ ഏറെ നിരാശനായ ഒരാള്‍ സഞ്ജുവായിരുന്നു. ഏഷ്യൻ ഗെയിംസിലേക്കും ഏഷ്യ കപ്പിലേക്കും അയാളെ ബി.സി.സി.ഐ പരിഗണിച്ചതേയില്ല.
പേരിനുപോലും ഒരു ബാറ്ററില്ലാത്ത നാട്ടിൽനിന്ന് ഇന്ന് അയാൾ ദേശീയ ടീമിന്റെ ഭാഗമായെങ്കിൽ അതയാൾ പോരാടി നേടിയെടുത്തതാണ്. ഗ്രൗണ്ടിന് അകത്തും പുറത്തും ഇന്നും അയാൾ പോരാടുന്നു.
വിരാട് കോഹ്ലി വിശേഷിപ്പിച്ചതുപോലെ ‘എ ഫിയർലെസ് ക്രിക്കറ്റർ’. തനിക്ക് മുന്നിൽ അടച്ചിട്ട വാതിലുകൾ ഒരിക്കൽ ബി.സി.സി.ഐക്ക് തുറന്നിടേണ്ടിവരുമെന്ന് ഈ മലയാളി പയ്യന് അറിയാമായിരുന്നു.
2024 ഐ.പി.എൽ സീസണിലെ തകർപ്പൻ ബാറ്റിങ്ങും ഏത് പൊസിഷനിലും ഉപയോഗിക്കാമെന്ന സാധ്യതയുമാണ് കെ.എൽ. രാഹുലിനെ പിന്തള്ളി ട്വന്റി20 ലോകകപ്പിലെ ഇന്ത്യൻ സ്ക്വാഡിൽ ഇടംപിടിക്കാൻ സഞ്ജുവിനെ സഹായിച്ചത്.
ഓപണിങ് റോളിൽ രോഹിത്-ജയ്സ്വാൾ സഖ്യം ഇറങ്ങുമ്പോൾ കോഹ്ലിക്കും സൂര്യകുമാറിനും ശേഷം മധ്യനിരയിൽ ആരൊക്കെയെന്നതായിരുന്നു ബി.സി.സി.ഐ തിരഞ്ഞത്. രണ്ടാം വിക്കറ്റ് കീപ്പറായാണ് ഉൾപ്പെടുത്തിയതെങ്കിലും പ്ലേയിങ് ഇലവനിൽ താരം ഉണ്ടാകുമെന്ന സൂചനയും ബി.സി.സി.ഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നൽകുന്നുണ്ട്.
2019ലെ വിജയ് ഹസാരെ ട്രോഫി ഏകദിനത്തിൽ ഗോവക്കെതിരെ, 125 പന്തുകളില്‍നിന്ന് പുറത്താകാതെ എടുത്ത 212 റൺസിലൂടെ മഹേന്ദ്ര സിങ് ധോണിയെ മറികടന്ന് ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടുന്ന ഉയര്‍ന്ന സ്കോറായി. വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറുമായി. വിജയ് ഹസാരെയിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറിയും ഈ ഇന്നിങ്സിലൂടെ സഞ്ജു കുറിച്ചിട്ടു.
നേരിടുന്ന ആദ്യ പന്തുതന്നെ ഗാലറിക്ക് മുകളിലേക്ക് പറത്തിവിടാൻ കെൽപ്പുള്ള ചുരുക്കം ബാറ്റർമാരിലൊരാളാണ് സഞ്ജു. എന്നാൽ ഈ ചിന്ത സഞ്ജുവിന് തിരിച്ചടിയുമായി. ദേശീയ ടീമിൽ ബാറ്റ് ചെയ്യാൻ അപൂർവമായി മാത്രം അവസരം ലഭിച്ചിരുന്ന സഞ്ജു, ആക്രമണത്തിന് മുതിർന്ന് പാളിപ്പോകുമായിരുന്നു.
ഇതോടെ സ്ഥിരതയില്ലാത്ത കളിക്കാരനെന്ന മേലങ്കി ചാർത്തി സെലക്ടർമാർ. ഒടുവിൽ ആ കളങ്കം കഴിഞ്ഞ ഡിസംബറിൽ താരം കഴുകിക്കളഞ്ഞു. പാളിലെ ബോളണ്ട് പാർക്കിൽ ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നാം ഏകദിനത്തിൽ സെഞ്ച്വറി അടിച്ച് സഞ്ജു (114 പന്തിൽ 108) ‘മസിലു പെരുപ്പിച്ചപ്പോൾ’ പിറന്നത് ചരിത്രം.
2007: കേരള U-13 ക്രിക്കറ്റ് ടീമിൽ അംഗം.
2008-09: 14ാം വയസ്സിൽ വിജയ് മർച്ചന്‍റ് ട്രോഫി ഗോവക്കെതിരെ ഇരട്ട സെഞ്ച്വറി. രഞ്ജി ടീമിലെത്തിയ
ഏറ്റവും പ്രായം കുറഞ്ഞ കേരള ക്രിക്കറ്റർ
2011-12: രഞ്ജി ട്രോഫിയിൽ വിദർഭക്കെതിരെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. മുഷ്താഖ് അലി ട്രോഫിയിൽ ഹൈദരാബാദിനെതിരെ അരങ്ങേറ്റം.
2011: ഒക്ടോബർ 16 ന് ട്വന്‍റി 20 അരങ്ങേറ്റം.
2012: ആന്ധ്രപ്രദേശിനെതിരെ ലിസ്റ്റ്-എ തുടക്കം.
2012-13: രഞ്ജിയിൽ ഹിമാചൽ പ്രദേശിനെതിരെ കന്നി ഫസ്റ്റ് ക്ലാസ് സെഞ്ച്വറി( 207 പന്തിൽ 127).
2013-14: അസമിനെതിരെ രഞ്ജി ട്രോഫിയിലെ തന്‍റെ ആദ്യ ഇരട്ട സെഞ്ച്വറി.
20ാം വയസ്സിൽ കേരള രഞ്ജി ക്യാപ്റ്റൻ. രഞ്ജിയിൽ നായകനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.
2014: അണ്ടർ-19 ലോകകപ്പ് ദേശീയ ടീം വൈസ് ക്യാപ്റ്റൻ
2014 ആഗസ്റ്റ്: ഇംഗ്ലണ്ടിനെതിരായ 17 അംഗ ദേശീയ ടീമിൽ. അന്തിമ ഇലവനിൽ കളിക്കാനായില്ല.
2015: ലോകകപ്പിൽ ഇന്ത്യയുടെ 30 അംഗ സാധ്യതാ പട്ടികയിൽ. അന്തിമ ടീമിൽ ഇടം നേടിയില്ല.
2015: സിംബാബ്‌വെക്കെതിരായി ട്വന്‍റി 20 അന്താരാഷ്ട്ര അരങ്ങേറ്റം
2019: ബംഗ്ലാദേശിനെതിരായ പരമ്പരക്കുള്ള ടീമിൽ. മുഴുവൻ മത്സരങ്ങളിലും ബെഞ്ചിൽ.
2019: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്‍റി 20 പരമ്പര ടീമിൽ. കളിക്കാനായില്ല.
2021: ശ്രീലങ്കക്കെതിരെ അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റം
2022: വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ഏകദിന ടീമിൽ. രണ്ടാം മത്സരത്തിൽ കന്നി ഏകദിന അർധ സെഞ്ച്വറി.
2023: ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന ടീമിൽ. മൂന്നാം ഏകദിനത്തിൽ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി.
2012: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ. ബെഞ്ചിൽ.
2013: രാജസ്ഥാൻ റോയൽസിൽ. പഞ്ചാബിനെതിരെ അരങ്ങേറ്റം. രണ്ടാം മത്സരത്തിൽ 63 റൺസ്. ഐ.പി.എല്ലിൽ അർധസെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ കളിക്കാരൻ.
2013: 206 റൺസും 13 ക്യാച്ചുകളുമായി സീസണിലെ ഏറ്റവും മികച്ച യുവതാരം.
2016: ഡെൽഹി ഡെയർ ഡെവിൾസിൽ.
2017: ഡൽഹി ജഴ്സിയിൽ ആദ്യ ഐ.പി.എൽ സെഞ്ച്വറി (63 പന്തിൽ 102).
ജനനം: 11 നവംബർ 1994 (29 വയസ്സ്)
സ്ഥലം: തിരുവനന്തപുരം പുല്ലുവിള
ഉയരം: 5 അടി 7 ഇഞ്ച് (170 സെ.മീ)
ബാറ്റിങ് രീതി: വലംകൈയൻ
ഫീൽഡിങ് റോൾ : വിക്കറ്റ് കീപ്പർ
പ്രാഥമിക വിദ്യാഭ്യാസം: ഡൽഹിയിലെ റോസറി സീനിയർ സെക്കൻഡറിസ്കൂൾ, തിരുവനന്തപുരം സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ
കോളജ്: തിരുവനന്തപുരം മാർ ഇവാനിയോസ്, കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം
പരിശീലകർ: ഷാലിമാർ ബാഗിലെ ഡി.എൽ ഡി.എ.വി മോഡൽ സ്കൂളിലെ അക്കാദമിയിൽ യശ്പാൽ, ബിജു ജോർജ് (തിരുവനന്തപുരം)
അക്കാദമി : സിക്സ് ഗൺസ് സ്പോർട്സ് അക്കാദമി (തിരുവനന്തപുരം)
പിതാവ്: സാംസൺ വിശ്വനാഥ്
അമ്മ: ലിജി വിശ്വനാഥ്
ഭാര്യ: ചാരുലത
അവഗണനകളുടെ പരമ്പരകൾക്കൊടുവിൽ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ടീമിൽ എത്തിയപ്പോൾ സഞ്ജു സാംസൺ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചത് ‘‘വിയർപ്പു തുന്നിയിട്ട കുപ്പായം’’ എന്നായിരുന്നു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന്റെ ആദ്യ വരിയാണത്.
‘‘വിയർപ്പു തുന്നിയിട്ട
കുപ്പായം - അതിൽ
നിറങ്ങളൊന്നുമില്ല, കട്ടായം
കിനാവുകൊണ്ടു കെട്ടും
കൊട്ടാരം - അതിൽ
മന്ത്രി നമ്മൾ തന്നെ രാജാവും’’
(മഞ്ഞുമ്മൽ ബോയ്സ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.